മുക്കത്ത് കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി
text_fieldsമുക്കം: നഗരസഭയിൽ കൃഷിക്ക് ഭീഷണിയായ കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി. ഉപാധികളോടെയാണ് സർക്കാർ ഉത്തരവ് നൽകിയത്. മണാശ്ശേരി സായ് ദുർഗവീട്ടിൽ സി.എം. ബാലനാണ് അനുമതി ലഭിച്ചത്.
നാലു പേരാണ് കൗൺസിൽ യോഗം നിർദേശിച്ചത്. ഇതിൽ സി.എം. ബാലെൻറ തോക്ക് ലൈസൻസ് കാലാവധി കഴിയാത്തതിെൻറ അടിസ്ഥാനത്തിലാണ് ഉപാധിയോടെ അനുമതി നൽകിയത്. കാട്ടുപന്നികളെ വെടിവെക്കാൻ പുറപ്പെടുന്നതിന് മുമ്പും ശേഷവും വനം വകുപ്പ് അധികൃതർക്ക് വിവരങ്ങൾ കൈമാറണം.
മുലയൂട്ടുന്ന കാട്ടുപന്നികളെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കണം. കാട്ടുപന്നികൾ അതിരൂക്ഷമായിടങ്ങളിൽ മാത്രമാണ് വെടിവെച്ച് കൊല്ലാനുള്ള അനുമതി. കൊന്ന പന്നിയുടെ ജഡത്തോട് അനാദരവ് കാട്ടി സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കാൻ പാടില്ല. അപകടഭീഷണി ഉയർത്തുന്ന പന്നിയെ വെടിവെച്ചാൽ 1000 രൂപ പാരിതോഷികം ലഭിക്കും.
കാട്ടുപന്നിയെ വെടിവെക്കാനുള്ള അനുമതിപത്രം മുക്കം നഗരസഭയിലെ നിരവധി കർഷകർക്ക് ആശ്വാസമായിരിക്കയാണ്. മുക്കത്തിെൻറ കിഴക്കൻ മലയോരങ്ങളിൽ പന്നികൾ വ്യാപകമായി കൃഷിനാശം വരുത്തുകയാണ്.
വെസ്റ്റ് ചേന്ദമംഗലൂർ എടോളി കുന്നുമ്മൽ, മുത്താപ്പുമൽ, പൊറ്റശ്ശേരി, മണാശ്ശേരി നെല്ലിക്കുന്ന് എന്നിവിടങ്ങളിൽ കൃഷി നശിപ്പിച്ചതിനാൽ കർഷകർ സങ്കടത്തിലാണ്. വാഴയും കപ്പയും ചേമ്പും പൈനാപ്പിളും കൃഷി ചെയ്യാൻ കർഷകർ മടിക്കുകയാണ്.
പകലും രാത്രിയും പന്നിശല്യം മുലം കൃഷിയിടങ്ങളിലേക്ക് കർഷകർക്ക് പോകാനാവാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.