എസ്.പി.സി.എ ഇൻസ്പെക്ടർ തസ്തിക രണ്ടു വർഷമായി ഒഴിഞ്ഞുകിടക്കുന്നു
text_fieldsമുക്കം: സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്.പി.സി.എ) തസ്തിക ഒഴിഞ്ഞ് കിടക്കുന്നതിനാൽ മൃഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കും ക്രൂരതകൾക്കുമെതിരെ നടപടിയെടുക്കാൻ ജില്ലയിൽ സംവിധാനമില്ല. നടപടിയെടുക്കേണ്ട ഇൻസ്പെക്ടർ തസ്തിക രണ്ടുവർഷമായി ജില്ലയിൽ ഒഴിഞ്ഞുകിടക്കുകയാണ്. മിക്ക അതിക്രമങ്ങളും വനം വകുപ്പിന്റെ ഷെഡ്യൂളിൽ വരാത്തതിനാൽ നടപടിയെടുക്കാൻ പരിമിതികളുണ്ട്.
ഓമന മൃഗങ്ങൾക്കെതിരെയും വന്യജീവികൾക്കെതിരെയും പക്ഷികൾക്കെതിരെയുമൊക്കെ മനുഷ്യർ കാണിക്കുന്ന ക്രൂരതകൾക്കെതിരെ നടപടിയെടുക്കേണ്ടത് എസ്.പി.സി.എ ആണ്. കഴിഞ്ഞദിവസം കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിയിൽ നിരവധി ദേശാടനപക്ഷികളെ മൂന്ന് അതിഥി തൊഴിലാളികൾ കണ്ണിൽ കമ്പി കുത്തിക്കയറ്റി അതിക്രൂരമായി വേട്ടയാടിയിരുന്നു. പൊലീസും വനംവകുപ്പും സംഭവസ്ഥലത്തെത്തിയെങ്കിലും വനംവകുപ്പിന്റെ ഷെഡ്യൂളിൽ ദേശാടന പക്ഷികൾ ഉൾപ്പെടാത്തതിനാൽ പ്രതികൾക്കെതിരെ കേസെടുക്കാൻ കഴിഞ്ഞിരുന്നില്ല. 2001ലെ കേന്ദ്രസർക്കാറിന്റെ ഉത്തരവ് അനുസരിച്ചാണ് എല്ലാ ജില്ലകളിലും എസ്.പി.സി.എ കമ്മിറ്റികൾ രൂപവത്കരിച്ചത്.
ജില്ല പഞ്ചായത്താണ് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കേണ്ടതും ജീവനക്കാരെ നിയമിക്കേണ്ടതും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കമ്മിറ്റിയുടെ ചെയർമാനും ചീഫ് വെറ്ററിനറി ഓഫിസർ കൺവീനറും ജില്ല കലക്ടർ കോ- ചെയർമാനുമാണ്. ഒരു ഇൻസ്പെക്ടറും ഒരു പ്യൂണുമാണ് മുഴുവൻ സമയ ജീവനക്കാരായി ഉണ്ടാകേണ്ടത്. ഇൻസ്പെക്ടർക്ക് നടപടികൾ സ്വീകരിക്കാനുള്ള എല്ലാ അധികാരവുമുണ്ട്. 2005ൽ പ്യൂൺ വിരമിച്ചതിനുശേഷം 19 വർഷമായിട്ടും ഇതുവരെ നിയമനം നടന്നില്ല. 2022ൽ ഇൻസ്പെക്ടർ കെ. അജിത് കുമാറും വിരമിച്ചു. 2007 മുതൽ ഇദ്ദേഹമായിരുന്നു ഇൻസ്പെക്ടർ. വിമുക്തഭടന്മാരെയാണ് ഇൻസ്പെക്ടർ തസ്തികയിലേക്ക് പരിഗണിക്കാറുള്ളത്. വിരമിക്കുന്ന സമയത്ത് ബന്ധപ്പെട്ട ആളുകൾക്കും വകുപ്പിനും പുതിയ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കത്ത് നൽകിയിട്ടുണ്ടെന്നും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അജിത് കുമാർ പറഞ്ഞു. മൃഗങ്ങൾക്കെതിരായ ക്രൂരതകളിൽ കേസെടുക്കാനും പിഴ ചുമത്താനും കോടതിയിൽ റിപ്പോർട്ട് ചെയ്യാനും ഇവർക്ക് അധികാരമുണ്ടായിരുന്നു. നിരവധി സംഭവങ്ങളിൽ കേസെടുത്തു വനം വകുപ്പിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.