മഴയും, വെള്ളക്കെട്ടും; അരലക്ഷം വാഴകൾ നശിച്ചു
text_fields
മുക്കം: കനത്ത മഴയിൽ വെള്ളം കയറി മുക്കം നഗരസഭയിലും, കാരശ്ശേരി പഞ്ചായത്തിലുമായി അമ്പതിനായിരത്തോളം വാഴകൾ നശിച്ചു. മുക്കം നഗരസഭയിലെ കയ്യേരിക്കൽ വയലിലാണ് വ്യാപകമായി വാഴകൃഷി നശിച്ചത്. ഇ.പി. ബാബു, തെക്കേ പൊയിൽ വേലായുധൻ നായർ, പേനക്കാവിൽ ഗംഗാധരൻ നായർ, നെൻമണി പറമ്പിൽ അബ്ദുല്ല, വാഴക്കാട്ടിൽ വേലായുധൻ, കുളപ്പുറത്ത് കുഞ്ഞൻ, സജി, പൊക്കിണാംപറ്റ യശോധ എന്നീ കർഷകരുടെ പതിനയ്യായിരത്തോളം വാഴകൾ നശിച്ചിട്ടുണ്ട്. മണാശ്ശേരി, മുത്താലം, ഭാഗങ്ങളിലും വാഴയും കിഴങ്ങുവിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്.
ഒരു മാസം വളർച്ചയെത്തിയ വാഴകളാണ് നശിച്ചതിലധികവും. വാഴക്കന്നിനും നടീൽ ചെലവുകൾക്കുമായി ഒരു വാഴക്ക് 60 രൂപയോളം കർഷകർ ചെലവഴിച്ചിട്ടുണ്ട്. രണ്ടു മാസം വളർച്ചയാകാത്തതിനാൽ ഇൻഷുറൻസ് വഴിയുള്ള നഷ്ടപരിഹാരവും ലഭിക്കില്ല. കഴിഞ്ഞ വർഷങ്ങളിലെ പ്രളയം മുന്നിൽ കണ്ട് ഇത്തവണ രണ്ടു മാസത്തോളം വൈകിയാണ് മിക്ക കർഷകരും വാഴ നട്ടത്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയും അശാസ്ത്രീയമായി നിർമിച്ച തടയണയുമാണ് കർഷകർക്ക് വിനയായത്. വെള്ളത്തോടൊപ്പം പായലുകൾ ഒഴുകിയെത്തി കൃഷിയിടത്തിൽ അടിഞ്ഞതും കൃഷിക്ക് നാശമാണ്. കാരശ്ശേരി പഞ്ചായത്തിലെ മാന്ത്ര ഭാഗത്തും വയൽപ്രദേശങ്ങളിലും വാഴകൃഷി നശിച്ചിട്ടുണ്ട്. ഭൂമി പാട്ടത്തിനെടുത്തും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തുമാണ് അധികം പേരും കൃഷിയിറക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.