നവീകരിച്ച റോഡ് തകരുന്നത് തുടർക്കഥ; കുഴിയടക്കാൻ വന്ന കരാർ കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു
text_fieldsമുക്കം: കോടികൾ മുടക്കി നവീകരിച്ച റോഡ് തകരുന്നത് തുടർക്കഥയായതോടെ കുഴിയടക്കാൻ വന്ന കരാർ കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു. മുക്കം-കോഴിക്കോട് റോഡിൽ അഗസ്ത്യൻമുഴി മുതൽ കുന്ദമംഗലം വരെയുള്ള റോഡാണ് പലയിടങ്ങളിലായി തകർന്നു തുടങ്ങിയത്. കിലോമീറ്ററിന് ഒരു കോടി രൂപ ചെലവഴിച്ച് അഗസ്ത്യൻമുഴി മുതൽ കുന്ദമംഗലം വരെയുള്ള 14 കിലോമീറ്റർ ദൂരം നാലുവർഷം മുമ്പ് നവീകരിച്ചിരുന്നങ്കിലും പ്രവൃത്തി പൂർത്തീകരിച്ച് മാസങ്ങൾക്കകം തന്നെ വിവിധ സ്ഥലങ്ങളിൽ റോഡ് പൊളിഞ്ഞുതുടങ്ങിയിരുന്നു. ഇതോടെയാണ് റോഡിൽ രൂപപ്പെട്ട കുഴികൾ താൽക്കാലികമായി അടക്കാൻ വന്ന കരാർ കമ്പനി ജീവനക്കാരെ നാട്ടുകാർ അഗസ്ത്യൻമുഴിയിൽ തടഞ്ഞത്.
മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ജീവനക്കാരെ അശാസ്ത്രീയമായി കുഴി അടക്കാൻ അനുവദിക്കുകയില്ലെന്ന് പറഞ്ഞ് തടയുകയായിരുന്നു. സ്ഥിരമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെടുന്ന ഇടമാണ് അഗസ്ത്യമുഴി അങ്ങാടിയിൽ നിന്നും 200 മീറ്റർ മാറി വലിയ ഇറക്കവും വളവുമുള്ള സ്ഥലം. ഇവിടെ രൂപപ്പെട്ട വലിയ കുഴികൾ അശാസ്ത്രീയമായതി അടക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ എത്തി തടഞ്ഞത്. ഈ ഭാഗത്ത്സ്ഥിരമായി കുഴി രൂപപ്പെടുമ്പോൾ ഇത്തരത്തിൽ അശാസ്ത്രീയമായാണ് കരാർ കമ്പനി കുഴി അടക്കാറുള്ളത്. ഇത് ദിവസങ്ങൾകുള്ളിൽത്തന്നെ പൊളിഞ്ഞ് വീണ്ടും കുഴിയാകും.
റോഡ് പ്രവൃത്തിയുടെ ഗുണനിലവാര കുറവ് ശ്രദ്ധയിൽപെട്ട നാട്ടുകാർ നവീകരണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ പരാതിയുമായി എത്തിയിരുന്നു. റോഡ് പ്രവൃത്തിലെ പരാതികൾ അറിയിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശത്തിന്റെ ഭാഗമായി കരാറുകാരന്റെയും പി.ഡബ്ല്യു. ഡി എൻജിനീയറുടെയും ഫോൺ നമ്പർ ഉള്ള ബോർഡ് അഗസ്ത്യമുഴി അങ്ങാടിയിൽ സ്ഥാപിക്കുകയും ചെയ്തിരുന്നെങ്കിലും ഈ ബോർഡിലുള്ള നമ്പറിൽ വിളിച്ചിട്ട് ഇതുവരെയും ആരെയും കിട്ടിയിട്ടില്ലെന്ന് നാട്ടുകാരനായ സൗഫീഖ് വെങ്ങളത്ത് പറഞ്ഞു. റോഡ് പ്രവൃത്തി പൂർത്തീകരിച്ച് പോയ സമയത്ത് റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾ പോലും നീക്കം ചെയ്തില്ലെന്നും ആക്ഷേപമുണ്ട് . കുഴി അടക്കൽ പ്രവൃത്തി നാട്ടുകാർ തടഞ്ഞതോടെ കരാർ കമ്പനി ജീവനക്കാർ തിരിച്ചുപോയി. അടുത്ത ദിവസം റോഡ് പൊളിഞ്ഞഭാഗം പൊളിച്ചുമാറ്റി ടാർ ചെയ്യാൻ വരാമെന്നുപറഞ്ഞാണ് പോയത്. അതേ സമയം കരാർ കമ്പനിക്കും അനാസ്ഥകാട്ടിയ ഉദ്യോഗസ്ഥർക്കുമെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.