ദുരിതം നിറഞ്ഞ് ജൽജീവൻ പദ്ധതിക്കായി പൊളിച്ച റോഡുകൾ
text_fieldsമുക്കം: കാലവർഷമെത്തിയതോടെ ദുരിതം നിറഞ്ഞ് ജൽജീവൻ പദ്ധതിക്കുവേണ്ടി പൊളിച്ച റോഡുകൾ. പലയിടത്തും പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കാൻ റോഡുകൾ കുത്തിപ്പൊളിച്ചെങ്കിലും പൂർവസ്ഥിതിയിലാക്കിയിട്ടില്ല. പദ്ധതിയിലെ മെല്ലെപ്പോക്കും ആസൂത്രണമില്ലായ്മയും ജനങ്ങൾക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്. കുത്തിപ്പൊളിച്ച റോഡുകളിൽ ചളിയും വെള്ളവും നിറഞ്ഞ് ഗതാഗതം പ്രതിസന്ധിയിലാണ്. സ്കൂളുകൾ തുറക്കുന്നതോടെ ദുരിതം ഇരട്ടിയാകും. മലയോര മേഖലയിലെ പല റോഡുകളുടെയും അരികിലായി പദ്ധതിക്കുവേണ്ടി സ്ഥാപിക്കേണ്ട പൈപ്പുകൾ മാസങ്ങളായി ഇറക്കിയിട്ടതും യാത്രക്കാർക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
പൊളിച്ചിട്ട റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതിനാൽ പുതിയ റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ നാട്ടുകാരും ജനപ്രതിനിധികളും അനുവദിക്കുന്നില്ല. കാരശ്ശേരി പഞ്ചായത്തിൽ 100 കി.മീറ്ററോളം പൈപ്പിടാൻ ഉള്ളതിൽ പത്ത് കിലോമീറ്റർ റോഡ് പൂർവസ്ഥിതിയിൽ ആക്കാനുള്ള നിർദേശം മാത്രമേ അധികൃതർക്കുള്ളൂവെന്ന് പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്ട് പറഞ്ഞു. ഒരു പഠനവും നടത്താതെയാണ് വാട്ടർ അതോറിറ്റിയുടെ പ്രോജക്റ്റ് ഡിവിഷൻ പദ്ധതി സമർപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംസാരിക്കുമ്പോൾ ഓൺലൈൻ യോഗത്തിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ചർച്ച നടത്താൻ എത്തിയ പലയിടത്തും ജൽജീവൻ മിഷൻ ഉദ്യോഗസ്ഥരെ മുറിയിൽ പൂട്ടിയിടുന്നതും ഉപരോധിക്കുന്നതും സ്ഥിരമായതോടെയാണ് ഉദ്യോഗസ്ഥർ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കുന്നത്. അനുവദിച്ച തുകയിൽ കൂടുതൽ ചെലവഴിച്ചതിനാൽ ഇനി പ്രോജക്റ്റ് റിവിഷൻ നടത്തിയാൽ മാത്രമേ പ്രവൃത്തി തുടങ്ങാൻ സാധിക്കൂ എന്ന നിലപാടിലാണ് കരാറുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.