സാമൂഹികനീതി വകുപ്പ് പരിശോധന; ബാലവേല ചെയ്യുകയായിരുന്ന ആറ് ഇതരസംസ്ഥാന കുട്ടികളെ കണ്ടെത്തി
text_fieldsമുക്കം: സാമൂഹികനീതി വകുപ്പ് നടത്തിയ പരിശോധനയിൽ ബാലവേല ചെയ്യുകയായിരുന്ന ആറ് ഇതരസംസ്ഥാന കുട്ടികളെ കണ്ടെത്തി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബാലവേല ചെയ്യുകയായിരുന്ന അതിഥി തൊഴിലാളികളുടെ കുട്ടികളെ കണ്ടെത്തിയത്.
കാരശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ കളരിക്കണ്ടി ശിശുമന്ദിരത്തിനടുത്ത് അടക്കാക്കളത്തിൽ ജോലിചെയ്തിരുന്ന കുട്ടികളെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് സി.ഡബ്ല്യു.സി ചെയർമാന്റെ മുന്നിൽ ഹാജരാക്കിയത്. താമരശ്ശേരി അസി. ലേബർ ഓഫിസർ ഷൈന, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ അരുൺ ലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. മുഹമ്മദ്, ചൈൽഡ് വെൽഫെയർ റെസ്ക്യൂ ഓഫിസർ ജെൻസിജ, മുക്കം സീനിയർ സി.പി.ഒ രാകേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
കുട്ടികളെ കോഴിക്കോട്ടെ അഭയകേന്ദ്രത്തിലേക്കു മാറ്റിയതാണ് വിവരം. ഇവർ കുടുംബസമേതം പ്രദേശത്ത് താമസിക്കുന്നവരാണെന്നും ആറുമാസത്തെ ജോലിക്കായി കേരളത്തിലെത്തിയതാണെന്നും കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര പറഞ്ഞു.
അതേസമയം, മാതാപിതാക്കൾ അടക്ക പൊളിക്കുമ്പോൾ അവരെ സഹായിക്കുകയാണ് കുട്ടികൾ ചെയ്തിരുന്നതെന്ന് പ്രദേശവാസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.