സന്തോഷ് ട്രോഫി താരത്തിന്റെ സ്മരണക്കായി നടന്ന ഫുട്ബാൾ മേളയിൽ ട്രോഫി നേടിയത് മകന്റെ ടീം
text_fieldsമുക്കം: മുൻ ഫുട്ബാൾ താരത്തിന്റെ ഓർമക്കായി സംഘടിപ്പിച്ച കാൽപന്തുകളി മത്സരത്തിൽ താരത്തിന്റെ മകൻ ക്യാപ്റ്റനായ ടീം ട്രോഫി നേടി. മുൻ സന്തോഷ് ട്രോഫിയിലെ കളിക്കാരനും ചേന്ദമംഗലൂരിന്റെ കളിയാരവങ്ങളിൽ ആവേശവുമായിരുന്ന സലാം പുതിയോട്ടിലിന്റെ ഓർമക്കായി ബ്രസീൽ ചേന്ദമംഗലൂർ സംഘടിപ്പിച്ച അഖിലകേരള ഫ്ലഡ് ലിറ്റ് ഫുട്ബാൾ ടൂർണമെന്റിലാണ് പിതാവിന്റെ കണ്ണീരോർമകൾക്കുമുന്നിൽ മകൻ സച്ചു സലാമിന്റെ ടീം ജേതാക്കളായത്.
ഹാബിറ്റാറ്റ് സ്കൂൾ അജ്മാൻ സ്പോൺസർ ചെയ്ത എവറോളിങ് ട്രോഫിയും 40,000 രൂപ പ്രൈസ് മണിയുമാണ് സലാം പുതിയോട്ടിലിന്റെ മകനും അഖിലേന്ത്യ സെവൻസ് കോൾകീപ്പറുമായ സച്ചു സലാം ക്യാപ്റ്റനായ ഈസ്റ്റ് എഫ്.സി ചേന്ദമംഗലൂർ കരസ്ഥമാക്കിയത്. ഫൈനലിൽ അരുണോദയം കുനിയിലിനെയാണ് പരാജയപ്പെടുത്തിയത്.
ട്രോഫി ഇന്ത്യൻ സൂപ്പർ ലീഗ് ഒഡിഷ എഫ്.സി മാനേജർ റജാഹ് റിസ്വാൻ, ഹാബിറ്റാറ്റ് സ്കൂൾ അജ്മാൻ ഡയറക്ടർ സി.ടി. അനീസ്, സബ്സം യുനാനി മാനേജിങ് ഡയറക്ടർ ഡോ. കെ.ടി. അജ്മൽ, ഇറ ഖത്തർ ഡയറക്ടർ സുബൈർ തേക്കുംപാലി എന്നിവർ സമ്മാനിച്ചു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ബന്ന ചേന്ദമംഗലൂർ, സി.ടി. അദീബ്, മുജീബ് ആയിപ്പൊറ്റ, വഹാബ് മാസ്റ്റർ, റമീസ് മോയിൻ, ഉബൈദുല്ല, സുബൈർ തോട്ടത്തിൽ, ശൈഖ് ചേന്ദമംഗലൂർ, സുനിൽ, മുഹമ്മദ് മോഡ, ജഹാംഗീർ, സിറാജ് ബാവ, നാസർ സെഞ്ച്വറി, ടി.കെ.തമാം, റസാഖ് ആയിപ്പറ്റ, കുഞ്ഞിമൊയ്തീൻ അമ്പലക്കണ്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.