വേനൽമഴ കനിയുന്നില്ല; ഇരുവഴിഞ്ഞിപ്പുഴ വരളുന്നു
text_fieldsമുക്കം: വേനൽമഴ ലഭിക്കാത്തതിനെതുടർന്ന് ചാലിയാറിന്റെ പോഷക നദിയായ ഇരുവഴിഞ്ഞിപ്പുഴ വറ്റിവരണ്ടു തുടങ്ങിയതോടെ തീരപ്രദേശങ്ങളിൽ വരള്‍ച്ച അതിരൂക്ഷം. പലഭാഗങ്ങളിലും പുഴ നീരൊഴുക്കായി. ഉത്ഭവസ്ഥലമായ വെള്ളരിമലയുടെ താഴ്വാരങ്ങളില് പുഴയിലെ ജലവിതാനം കുത്തനെ താഴ്ന്നു.
മുക്കം അഗസ്ത്യൻമുഴി കടവ് മുതൽ ജലവിതാനം താഴ്ന്നുതുടങ്ങിയിട്ടുണ്ട്. തോട്ടത്തിൽ കടവ്, മറിപ്പുഴ, മുത്തപ്പന്‍പുഴ, ആനക്കാംപൊയില്‍, പുല്ലൂരാംപാറ, ഭാഗങ്ങളിലെല്ലാം പുഴ നാള്‍ക്കുനാള്‍ വരളുകയാണ്. ഇരുവഴിഞ്ഞിയുടെ കൈവഴികളായ ചെറുപുഴ പൊയിലിങ്ങാപുഴ, കണിയാട് പുഴ, ഇടത്തറ പുഴ, കരിമ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലും നീരൊഴുക്കായി. പുഴകളിലേക്ക് ഒഴുകുന്ന കൈത്തോടുകള്‍ വറ്റിവരണ്ടു.
ഒറ്റപ്പെട്ട വേനല്‍മഴ മാത്രമാണ് ഇക്കുറി ലഭിച്ചത്. ചാലിയാറിൽ ഊര്‍ക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഷട്ടര്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇരുവഴിഞ്ഞിപ്പുഴയുടെ കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്ത്, മുക്കം നഗരസഭ അധീന പ്രദേശങ്ങളില്‍ വരള്‍ച്ച സാരമായി ബാധിച്ചിട്ടില്ല. മുക്കം തൃക്കുടമണ്ണ കടവ് വരെ ഭാഗങ്ങളില്‍ ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്. ശേഷമുള്ള ഭാഗങ്ങളിലാണ് ജലവിതാനം കുത്തനെ താഴ്ന്നത്.
തീരങ്ങളിലെ കുടിവെള്ള പദ്ധതികളും അവതാളത്തിലാകുന്ന വിധത്തിലാണ് വരള്‍ച്ചയുടെ പോക്ക്. വീടുകളിലെ കിണറുകളിൽ പലതും വറ്റിത്തുടങ്ങി. മതിയായ ജലസേചന സൗകര്യം ലഭിക്കാത്തതുകാരണം വിളകള്‍ കരിഞ്ഞുണങ്ങുന്നതായി കര്‍ഷകര്‍ പറയുന്നു. മലയോരങ്ങളിലെ പ്രകൃതിദത്ത നീരുറവകളും വറ്റിവരണ്ടത് കുടിനീര് പ്രശ്നം രൂക്ഷമാക്കുകയാണ്. വേനല്‍മഴ കനിയാത്ത സാഹചര്യത്തില്‍ പുഴകളില്‍ തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി തീരവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്.
മുമ്പെങ്ങുമില്ലാത്ത അത്യുഷ്ണം കാരണം മലയോരത്തെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇനിയും ഉണര്‍ന്നില്ല. ചുട്ടുപൊള്ളുന്ന അന്തരീക്ഷത്തില്‍ കുളിരുതേടിയായിരുന്നു പൊതുവെ ഇവിടങ്ങളില്‍ സഞ്ചാരികള്‍ എത്താറുള്ളത്.
വേനലിനെ ചെറുക്കാന്‍ മലയോര മേഖലയിലെങ്ങും ഗ്രാമപഞ്ചായത്തുകള്‍ ലോറികളില്‍ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്. കാരശ്ശേരി പഞ്ചായത്തിലെ കൊളോറന്കുന്ന്, തടപ്പറമ്പ്, തോട്ടക്കാട്, മൈസൂര്‍പറ്റ, ഊരാളിക്കുന്ന്, കൊടിയത്തൂര്‍ പഞ്ചായത്തിലെ കണ്ണാംപറമ്പ്, കളക്കുടിക്കുന്ന്, പാറപ്പുറം, മുറത്തുമൂല, ഗോതമ്പ് റോഡ് എന്നിവിടങ്ങളിലെല്ലാം കുടിവെള്ളപ്രശ്നം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.