സർവേ നടപടികൾ പൂർത്തീകരിച്ച് സ്കെച്ച് നൽകിയില്ല; അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് പ്രവൃത്തി വൈകുന്നു
text_fieldsമുക്കം: റോഡിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ സർവേ നടപടി പൂർത്തീകരിച്ച് സ്കെച്ച് നൽകാത്തതുമൂലം റോഡ് പ്രവൃത്തി വൈകുന്നു. അഗസ്ത്യൻമുഴി -കൈതപ്പൊയിൽ റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള അഗസ്ത്യൻമുഴി -തിരുവമ്പാടി കടവ് പാലത്തിനു വേണ്ടി 1997ൽ പി.ഡബ്ല്യു.ഡി വില കൊടുത്ത് ഭൂമി ഏറ്റെടുത്തിരുന്നു.
എന്നാൽ, ഇപ്പോഴും സ്വകാര്യ വ്യക്തികൾ കൈവശം വെച്ചിരിക്കുന്ന സ്ഥലത്തിന്റെ സർവേ പൂർത്തീകരിച്ച് സ്കെച്ച് കേരള റോഡ് ഫണ്ട് ഡിപ്പാർട്മെന്റിന് സമർപ്പിക്കാത്തതുമൂലമാണ് റോഡ് പ്രവൃത്തി വൈകുന്നത്.
ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഇതോടെ അഗസ്ത്യൻമുഴി-തിരുവമ്പാടി റോഡിൽ ആരംഭിച്ച ഡ്രെയിനേജിന്റെ പ്രവൃത്തി താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത സ്ഥലം പൂർണമായി റോഡ് വികസനത്തിന് ഏറ്റെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതായി ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ കെ.കെ. ദിവാകരൻ വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിന് പരാതി നൽകി. തുടർന്ന് കോഴിക്കോട് താലൂക്ക് സർവേയറുടെ സേവനം ലഭ്യമാക്കുന്നതിനായി കഴിഞ്ഞ ഡിസംബർ ആറിന് കോഴിക്കോട് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് എക്സിക്യൂട്ടിവ് എൻജിനീയർ താലൂക്ക് തഹസിൽദാർക്ക് നോട്ടീസ് നൽകി.
1997ൽ അഗസ്ത്യൻമുഴി പാലം പ്രവൃത്തിക്കായി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി പുനർനിർണയിക്കുന്നതിന് താലൂക്ക് സർവേയുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. തുടർന്ന് ഡിസംബർ 19ന് താലൂക്ക് സർവേയർ അതിർത്തി പുനർനിർണയിച്ച് കൈയേറ്റ ഭൂമി സൈറ്റിൽ അടയാളപ്പെടുത്തി നൽകിയെങ്കിലും സ്കെച്ച് നൽകിയില്ല.
ഇതോടെ സ്കെച്ച് ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മാനേജ്മെന്റ് യൂനിറ്റ് എക്സിക്യൂട്ടിവ് എൻജിനീയർ ജനുവരി 16ന് താലൂക്ക് തഹസിൽദാർക്ക് മറ്റൊരു നോട്ടീസും നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 20ന് താലൂക്ക് സർവേയർ മൈമൂനയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും സർവേ നടത്തി. എന്നാൽ നേരത്തേ സർവേ നടത്തിയ സ്ഥലത്തിനു പകരം മറ്റൊരു സ്ഥലത്ത് കുറ്റിയടിച്ചതോടെ നാട്ടുകാർ ചോദ്യം ചെയ്യുകയായിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ സ്കെച്ച് ഉപയോഗിച്ച് സർവേ നടത്തണമെന്നും ഭൂവുടമകളെല്ലാം നേരത്തേ നൽകിയ നഷ്ടപരിഹാരത്തിന് പുറമേ കോടതിയെ സമീപിച്ച് കൂടുതൽ നഷ്ടപരിഹാരം വാങ്ങിയതാണെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ, തനിക്ക് താലൂക്ക് ഓഫിസിൽനിന്ന് ലഭിച്ചത് പുതിയ സർവേയുടെ സ്കെച്ച് ആണെന്നും അതുപ്രകാരമേ സർവേ നടത്താൻ കഴിയുകയുള്ളൂ എന്നും താലൂക്ക് സർവേയർ മൈമൂന പറഞ്ഞു. 1997ലെ സർവേ പ്രകാരമുള്ള സ്കെച്ച് ഉപയോഗിച്ച് സർവേ നടത്തണമെന്നും സർവേ നടപടികൾ ഉടൻ പൂർത്തീകരിച്ച് പുതിയ സർവേ കേരള റോഡ് ഫണ്ട് ഡിപ്പാർട്മെന്റിന് സമർപ്പിച്ച് ഭൂമി ഏറ്റെടുത്ത് റോഡ് പ്രവൃത്തി പൂർത്തിയാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.