അധ്യാപകന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി; ടിപ്പറുകൾ വീണ്ടും ജീവനെടുക്കുന്നു
text_fieldsമുക്കം: അധ്യാപകന്റെ അപകട മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. പുല്ലൂരാംപാറ യു.പി. സ്കൂൾ അധ്യാപകൻ സൗത്ത് കൊടിയത്തൂർ പുതുശ്ശേരി സൈനുൽ ആബിദീൻ സുല്ലമി (55) ആണ് ഇന്നലെ വൈകുന്നേരം നാലരയോടെ കാരശ്ശേരി ചോണാടിന് സമീപം ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടത്തിൽ അദ്ദേഹത്തിന്റെ ജീവൻ പൊലിഞ്ഞത്. നാട്ടിലെ മത, വിദ്യാഭാസ, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായിരുന്നു. ഖുർആനിൽ മികച്ച പാണ്ഡിത്യമുണ്ടായിരുന്ന സൈനുൽ ആബിദ് മൂന്ന് പതിറ്റാണ്ടുകാലമായി കൊടിയത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ഒട്ടേറെ സ്ഥലങ്ങളിൽ ഖുർആൻ ക്ലാസുകൾ നടത്താറുണ്ടായിരുന്നു. മികച്ച സംഘാടകൻ കൂടിയായിരുന്നു. കെ.എൻ.എം. മർകസുദ്ദഅവ മുക്കം മണ്ഡലം പ്രസിഡൻറ്, കെ.എ.ടി.എഫ്. മുക്കം ഉപജില്ല പ്രസിഡൻറ്, സൗത്ത് കൊടിയത്തൂർ ഖാദിമുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു.
സൈനുൽ ആബിദീന്റെ മരണത്തോടെ മുക്കം മേഖലയിൽ ഇടവേളക്ക് ശേഷം ടിപ്പറുകൾ വീണ്ടും ജീവനെടുത്തിരിക്കുകയാണ്. രാവിലെ 8.30 മുതൽ 10 വരേയും വൈകുന്നേരം 3.30 മുതൽ 5 വരേയുമുള്ള സ്കൂൾ സമയത്ത് ടിപ്പറുകൾ സർവിസ് നടത്താൻ നിയന്ത്രണമുണ്ട്.
എന്നാൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം വിദ്യാലയങ്ങൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയ ആദ്യ ദിനം തന്നെയാണ് നിയന്ത്രിത സമയത്ത് ടിപ്പറിനടിയിൽപ്പെട്ട് അധ്യാപകൻ മരിച്ചത്. ചെറുകിട ക്വാറി- ക്രഷർ -പാറ മണൽ യൂനിറ്റുകളിൽനിന്ന് ലോഡുമായി വരുന്ന ടിപ്പറുകൾ മിക്കതും സ്കൂൾ സമയത്ത് സർവിസ് നിർത്തിവെക്കുമ്പോൾ വൻകിട നിർമാണ കമ്പനികളുടെ ടിപ്പർ ലോറികൾ അമിതഭാരവുമായി യഥേഷ്ടം സർവിസ് നടത്തുകയാണ്. നിയമപാലകരോ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ധൈര്യപ്പെടാറുമില്ല.
അനുശോചനം
തിരുവമ്പാടി: കെ.എ.ടി.എഫ് ഉപജില്ല കമ്മിറ്റി പ്രസിഡൻറും പുല്ലൂരാംപാറ സെൻറ് ജോസഫ് യു.പി സ്കൂൾ അധ്യാപകനുമായ സൈനുൽ ആബിദീന്റെ നിര്യാണത്തിൽ ഉപജില്ല കമ്മിറ്റി അനുശോചിച്ചു. അബ്ദുൽ റഷീദ് അൽ ഖാസിമി അധ്യക്ഷത വഹിച്ചു. പി. അബ്ദുൽ ഹക്കീം കളൻതോട്, പി.പി. ഹംസ, മജീദ് എള്ളങ്ങൽ, ഇഖ്ബാൽ മണാശ്ശേരി, റഫീഖ് പൊയിൽകര, മീരാൻ മുക്കം, കരീം കൊടിയത്തൂർ, സീനത്ത് ബി.കെ, ഖൈറുന്നിസ തോട്ടുമുക്കം, ഷമീമ ആനയാംകുന്ന് തുടങ്ങിയവർ സംസാരിച്ചു.
സ്കൂളിന് അവധി
തിരുവമ്പാടി: വാഹനാപകടത്തിൽ മരിച്ച അധ്യാപകൻ സൈനുൽ ആബിദീന്റെ നിര്യാണത്തിൽ അനുശോചിച്ച് പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യു.പി സ്കൂളിന് ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.