ഇൻഡ്യ മുന്നണി വിജയിച്ചില്ലെങ്കിൽ പ്രതിസന്ധി ഗുരുതരം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമുക്കം: 2024ലെ പൊതു തെരഞ്ഞെടുപ്പ് പ്രാധാന്യം നിറഞ്ഞതാണന്നും ഒരിക്കൽകൂടി ബി.ജെ.പി മുന്നണി അധികാരത്തിലെത്തിയാൽ പ്രതിസന്ധി ഗുരുതരമാവുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി. മോയിൻകുട്ടി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിനും മതസൗഹാർദത്തിനും വെല്ലുവിളി നേരിടുന്ന രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെയും കേരളത്തിന്റെയും ഭരണമാറ്റം അനിവാര്യമാണ്. കേരളത്തിൽ പെൻഷനും ശമ്പളവും അതിന്റെ കുടിശ്ശികയുമില്ലാത്ത അവസ്ഥയാണ്.
അവസാനകാലത്ത് എല്ലാവരും കൂട്ടായി ജനങ്ങളെ കണ്ടു പറയാനിറങ്ങിയതാണ് നവകേരള സദസ്സ്. ഒറ്റക്കൊറ്റക്ക് പറഞ്ഞിട്ട് ജനങ്ങൾ ചെവിക്കൊള്ളാത്ത സാഹചര്യത്തിൽ കൂട്ടായുള്ള പറച്ചിലിനിറങ്ങിയതാണ്. എന്നാൽ കൂട്ടപ്പറച്ചിലും ജനങ്ങൾ സ്വീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം അധ്യക്ഷത വഹിച്ചു. കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യൂനിയൻ ഭാരവാഹികൾക്കുള്ള ആദരം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി നിർവഹിച്ചു. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു.
സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ, എൻ.സി. അബൂബക്കർ, വി.കെ. ഹുസൈൻ കുട്ടി, എ.എം. അഹ്മദ് കുട്ടി ഹാജി, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി. ബാബു, യൂനുസ് പുത്തലത്ത്, മജീദ് പുതുക്കുടി, കെ.പി. മുഹമ്മദ് ഹാജി, എ.കെ. സാദിഖ്, ഗഫൂർ കല്ലുരുട്ടി, ദാവൂദ് മുത്താലം തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ് സ്വാഗതവും ട്രഷറർ സി.എ. മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.