തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ വാട്ടർലൂ ആകും –റസാഖ് പാലേരി
text_fieldsമുക്കം: ലോക്സഭ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ വാട്ടർലൂ ആകുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിലൂടെ ഇൻഡ്യ മുന്നണി ശക്തമായ മുന്നേറ്റവുമായി രംഗത്തുള്ള ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി, സംഘ്പരിവാർ ശക്തികൾ കടപുഴകി എറിയപ്പെടുമെന്നും കേരളത്തിൽ ബി.ജെ.പിയുടെ വംശീയ രാഷ്ട്രീയത്തിനെതിരെ ഈ തെരഞ്ഞെടുപ്പിലും മതേതര പ്രതിബദ്ധതയും ജാഗ്രതയും കേരളത്തിലെ വോട്ടർമാർ കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പാർലമെന്റ് മണ്ഡലം കൺവെൻഷൻ മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു റസാഖ് പാലേരി.
ഇലക്ടറൽ ബോണ്ട്, മറ്റ് അഴിമതികളിൽ മുങ്ങിക്കുളിച്ച ബി.ജെ.പിയുടെ മുഖം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇൻഡ്യ മുന്നണിയുടെ ഭാഗമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചത് പ്രതിപക്ഷ പാർട്ടികളെ നിർവീര്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്. ഇത്തരം എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ജനത ജനാധിപത്യത്തെ ശക്തിപ്പെടുത്തുംവിധം തെരഞ്ഞെടുപ്പിൽ പ്രതികരിക്കുമെന്നും അത് ബി.ജെ.പിയുടെ പരാജയത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. വയനാട് ജില്ല പ്രസിഡന്റ് മുഹമ്മദ് ശരീഫ്, കോഴിക്കോട് ജില്ല സെക്രട്ടറി സാലിഹ് കൊടപ്പന, സുഭദ്ര വണ്ടൂർ, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി, തഷരീഫ് മമ്പാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.