'ഹൈടെക്' കാലത്ത് സർക്കാർ നോട്ടമെത്താതെ പൊതുവിദ്യാലയം
text_fieldsതിരുവമ്പാടി: വിദ്യാലയങ്ങൾ പുതിയ കെട്ടിടങ്ങളും സാങ്കേതിക സൗകര്യങ്ങളുമൊരുക്കി 'ഹൈടെക്' ആയി മാറിയ കാലത്ത് പരിമിതിയിലൊതുങ്ങി കൂടരഞ്ഞി പൂവാറംതോടിലെ സർക്കാർ സ്കൂൾ. പൂവാറംതോട് ഗവ. എൽ.പി സ്കൂളാണ് പ്രാഥമികമായ ഭൗതിക സൗകര്യങ്ങൾ പോലുമില്ലാതെ തിങ്കളാഴ്ച വീണ്ടും തുറക്കുന്നത്.
പ്രീ-പ്രൈമറി മുതൽ നാലുവരെ ക്ലാസുകൾ പ്രവർത്തിക്കുന്ന സ്കൂളിൽ ആറു ക്ലാസ് മുറികൾ വേണ്ടിടത്ത് നാലു ക്ലാസ് മുറികളേയുള്ളൂ. രണ്ടു ക്ലാസുകൾ പ്രവർത്തിക്കുന്നത് ഇടുങ്ങിയ മുറികളിലാണ്. ഓടിട്ട ഒരു കെട്ടിടം അപകടാവസ്ഥയിലാണ്.
ഓഫിസ് മുറിയും സ്റ്റാഫ് റൂമും 'അര'മുറിക്കുള്ളിലാണ് പ്രവർത്തിക്കുന്നത്. ഓഫിസ് രേഖകൾക്കൊപ്പം ലൈബ്രറി പുസ്തകങ്ങൾക്കും അധ്യാപകരുടെ പഠനോപകരണങ്ങൾക്കും ഇടം നൽകേണ്ട ഗതികേടും ഇടുങ്ങിയ ഓഫിസ് മുറിക്കുണ്ട്.
ആദിവാസി വിഭാഗത്തിൽപെട്ട കുട്ടികളുൾപ്പെടെ നൂറിൽ താഴെ കുട്ടികളെ പൂവാറൻതോട് ഗവ. എൽ.പി സ്കൂളിൽ ഇപ്പോഴുള്ളൂ. വിദ്യാലയത്തിലെ നിലവിലുള്ള അസൗകര്യങ്ങളും നാലാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് തുടർ പഠനത്തിന് ഏഴു കിലോമീറ്റർ അകലെയുള്ള മറ്റു സ്കൂളുകളെ ആശ്രയിക്കണമെന്നതും പ്രതിസന്ധിയാണ്. അതേസമയം, കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മറ്റു വിദ്യാലയങ്ങളിലെല്ലാം ഭൗതിക സൗകര്യങ്ങളൊരുക്കാൻ സർക്കാറും ജനപ്രതിനിധികളും ശ്രദ്ധിക്കുമ്പോൾ പൂവാറംതോട് ജി.എൽ.പി സ്കൂൾ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. ഒരു കെ.എസ്.ആർ.ടി.സി ബസ് മാത്രമാണ് പൂവാറംതോടിലേക്കുള്ള ഏക യാത്രാമാർഗം.
പൂവാറൻതോട് ഗവ. സ്കൂളിന് പുതിയ കെട്ടിടം പണിയുകയും നിലവിലുള്ള സ്കൂൾ, അപ്പർ പ്രൈമറിയായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. പൂവാറൻ തോട് സ്കൂളിെൻറ ഏഴു കിലോമീറ്റർ ചുറ്റളവിൽ മറ്റു സ്കൂളുകളില്ലാത്ത സാഹചര്യത്തിൽ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യാൻ തടസ്സമില്ലെന്ന് വിദ്യാഭ്യാസ പ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.