മീഡിയൻ പൊളിക്കുന്നത് എം.എൽ.എ ഇടപെട്ട് തടഞ്ഞു
text_fieldsമുക്കം: നവീകരണ പ്രവൃത്തിയുടെ ‘ചൂടാറും’ മുന്നേ വിളക്കുകാലുകൾ സ്ഥാപിക്കുന്നതിനായി മുക്കം ടൗണിൽ റോഡിലെ മീഡിയൻ കുത്തിപ്പൊളിക്കുന്നത് ലിന്റോ ജോസഫ് എം.എൽ.എ ഇടപെട്ട് തടഞ്ഞു. ഏഴരക്കോടി രൂപ മുടക്കി നടന്ന മുക്കം ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച മീഡിയൻ മണ്ണുമാന്തി ഉപയോഗിച്ച് പൊളിക്കുന്നത് ഇതുവഴി വന്ന എം.എൽ.എ.യുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഉടൻ വാഹനം നിർത്തി ബന്ധപ്പെട്ടവരോട് പ്രവൃത്തി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
പി.സി ജങ്ഷൻ മുതൽ മുക്കം പാലത്തിന് സമീപം വരെയാണ് മീഡിയൻ നിർമിച്ചത്. ഇത് പുല്ലും ചെടികളുമെല്ലാം വെച്ച് പിടിപ്പിച്ച് മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥലത്താണ് വിളക്കുകാലുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കരാറുകാരൻ അന്തർ സംസ്ഥാന തൊഴിലാളികളെവെച്ച് അശാസ്ത്രീയമായ രീതിയിൽ പ്രവൃത്തി നടത്തിയത്. വിവിധ സ്ഥലങ്ങളിൽ മണ്ണുമാന്തി ഉപയോഗിച്ച് മീഡിയൻ പൊളിക്കുകയും വെച്ചുപിടിപ്പിച്ച ചെടികൾക്കും പുല്ലിനും മുകളിൽ മണ്ണ് നിക്ഷേപിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് എം.എൽ.എ ഇടപെട്ട് പ്രവൃത്തി നിർത്തിവെപ്പിച്ചത്.
2019-20 സാമ്പത്തിക വർഷമാണ് സർക്കാർ മുക്കം ടൗൺ നവീകരണത്തിന് 7.5 കോടി വകയിരുത്തിയത്. അഭിലാഷ് ജങ്ഷൻ മുതൽ അരീക്കോട് ഭാഗത്തേക്കുള്ള പാലം വരെയും ആലിൻചുവട് മുതൽ അഭിലാഷ്, പി.സി ജങ്ഷനുകൾ വരെയും നവീകരിക്കുന്നതാണ് പദ്ധതി. 14 മീറ്റർ വീതിയിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ്, നടപ്പാത നിർമാണം, തെരുവുവിളക്ക് സ്ഥാപിക്കൽ, മീഡിയൻ, ഇന്റർലോക്കും ടൈലും വിരിക്കൽ തുടങ്ങിയവയാണ് നവീകരണ പ്രവൃത്തിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.