ഓടത്തെരുവിൽ സംസ്ഥാന പാതയോരത്ത് മല ഇടിച്ച് നിരത്തുന്നു
text_fieldsമുക്കം: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് വീണ്ടും മല ഇടിച്ച് നിരത്തുന്നു. അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 25ന് ഇവിടെ വലിയ തോതിൽ മണ്ണിടിഞ്ഞിരുന്നു. അപകട ഭീഷണി ഇപ്പോഴും തുടരുന്നതിനിടെയാണ് ജിയോളജി വകുപ്പിന്റെ അനുമതി സമ്പാദിച്ച് വീണ്ടും മണ്ണെടുക്കുന്നത്. അവധി ദിവസങ്ങളിൽ ഒരു കാരണവശാലും മണ്ണെടുക്കരുതെന്ന് നിർദേശം നിലനിൽക്കെയാണ് ഇത്തരത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തിയുള്ള മണ്ണെടുപ്പ്. തിങ്കൾ, ചൊവ്വ എന്നീ അവധി ദിവസങ്ങളിലും ഇവിടെനിന്ന് വലിയ തോതിൽ മണ്ണെടുത്തിട്ടുണ്ട്.
നേരത്തെ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ശക്തമായ മഴ പെയ്താൽ മുകളിലെ മണ്ണ് വീണ്ടും ഇടിയാൻ സാധ്യതയുണ്ടെന്നും അതിനാൽ മണ്ണെടുക്കാൻ അനുമതി നൽകണമെന്നുമാവശ്യപ്പെട്ട് ഉടമ മോങ്ങം സ്വദേശി സി.കെ. നൗഷാദ് ജിയോളജി വകുപ്പിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ മണ്ണെടുക്കുന്നതിന് അനുമതി നൽകിയത്. 1000 മെട്രിക് ടൺ മണ്ണെടുക്കുന്നതിനാണ് അനുമതി നൽകിയത്.
എന്നാൽ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇപ്പോൾ നൽകിയ ഈ അനുമതി വലിയ ദുരന്തത്തിന് തന്നെ കാരണമാവുമെന്ന് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ മുന്നറിയിപ്പ് നൽകുന്നു. മാത്രമല്ല ഇവിടെ നേരത്തേ അനുവദിച്ചതിലും കൂടുതൽ സ്ഥലത്ത് മണ്ണെടുത്തതായി ബോധ്യപ്പെട്ടതിനെ തുടർന്ന് മണ്ണെടുപ്പ് നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഈ സ്ഥലത്തോട് ചേർന്നാണ് വീണ്ടും മലയിടിച്ച് മണ്ണെടുക്കുന്നത്. റോഡിനോട് ചേർന്ന ഭാഗം പൂർണമായും മറച്ച് പുറമെനിന്ന് നോക്കിയാൽ കാണാത്ത വിധമാണ് മണ്ണെടുപ്പ്. മുൻ വർഷങ്ങളിലെല്ലാം നിരവധി ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും സോയിൽ പൈപ്പിങ് പ്രതിഭാസവുമെല്ലാം റിപ്പോർട്ട് ചെയ്ത മലയോര മേഖലയിലെ ഈ മണ്ണെടുപ്പ് ഭീതി വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.