ഇത് അതികൃതരുടെ അനാസ്ഥ; നോക്കുകുത്തിയായി കപ്പാലക്കടവ് പാലം
text_fieldsമുക്കം: മെയിൻ റോഡിൽനിന്ന് നാലടിയോളം താഴെ നിർമിച്ച പാലം, മറുകരയിലേക്ക് ഇറങ്ങാൻ വഴിയില്ലാത്ത നിലയിൽ ആറുവർഷത്തിലേറെയായി കൗതുകക്കാഴ്ചയായി നിലനിൽക്കുന്നു. അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണമാണ് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ കപ്പാലയിൽ തോടിന് കുറുകെ നിർമിച്ച പാലം. അപ്രോച്ച് റോഡ് ഇല്ലാതെയാണ് ഇവിടെ ആറ് വർഷം മുമ്പ് പാലം നിർമിച്ചത്.
പാലത്തിൽനിന്ന് താഴേക്ക് ഇറങ്ങാൻ നിലവിൽ ഇരുമ്പ് കോണി ചാരിവെച്ച നിലയിലാണ്. പാലത്തോട് ചേർന്ന് കടന്നുപോകുന്ന കാരമൂല തേക്കുംകുറ്റി റോഡ് നാലടിയോളം ഉയരത്തിലാണ്. അതിനാൽ റോഡിൽനിന്ന് പാലത്തിലേക്ക് ഇറങ്ങാൻ മൂന്ന് സ്റ്റെപ്പുകൾ നിർമിച്ചിട്ടുണ്ട്.
സമീപത്തെ കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്താനാണ് പാലം നിർമിച്ചത്. തൊഴിലുറപ്പ് പദ്ധതിയും കുടിവെള്ള പദ്ധതി ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ച് ആറു ലക്ഷത്തിലേറെ ചെലവാക്കിയ പാലത്തിന് നാലു മീറ്ററോളം ആണ് നീളം. നിലവിലുള്ള മെയിൻ റോഡിനൊപ്പം ഉയർത്താതെയും പാലം കടന്നുപോകാൻ മറുകരയിൽ റോഡും ഇല്ലാതെ എന്തിനാണ് ഇങ്ങനെയൊരു പാലം നിർമിച്ചതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. നാലു മീറ്റർ മാത്രം നീളമുള്ള പാലത്തിന് നടുവിൽ തോടിന്റെ മധ്യത്തിൽ നാല് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലത്ത് ശക്തമായ മഴവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്ന തോടാണിത്. കൊളക്കാടൻ മലയിൽനിന്ന് തേക്കുംകുറ്റി വഴി കൃഷിയിടങ്ങളിലൂടെ മലവെള്ളവും മണ്ണും ചളിയും ഒലിച്ചുവരുന്ന തോടാണിത്. ഇതു മുഴുവൻ പാലത്തിന്റെ തൂണുകളിൽ അടിഞ്ഞു കൂടുകയാണ്. ഇതിനെത്തുടർന്ന് പരിസരത്തെ പറമ്പുകളിൽ മണ്ണും കല്ലും ചപ്പുചവറുകളും അടിഞ്ഞുകൂടി കൃഷിഭൂമി നശിക്കുകയുയാണ്. പരിസരവാസികളുടെ വീട്ടുമുറ്റങ്ങളും ചളിവെള്ളം നിറയുന്നു. ഒരു പ്രയോജനവുമില്ലാത്ത ഉപദ്രവം മാത്രമായ പാലം പൊളിച്ചു നീക്കി കിട്ടിയാൽ മതിയെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.