സംസ്ഥാന പാതയോരത്ത് പെട്രോൾ പമ്പിനായി മല തുരന്ന ഭാഗം മണ്ണിടിഞ്ഞ് അപകടാവസ്ഥയിൽ
text_fieldsമുക്കം: സംസ്ഥാന പാതയിൽ കറുത്തപറമ്പിന് സമീപം കുന്നിടിച്ച് പെട്രോൾ പമ്പിനായി നിർമാണം നടക്കുന്ന ഭാഗത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണു. മണ്ണിടിഞ്ഞതുമൂലം സ്ഥലത്ത് വലിയ അപകടഭീഷണിയാണ് നിലനിൽക്കുന്നത്. വലിയ മലയുടെ താഴ്ഭാഗം തുരന്നാണ് നിർമാണം നടക്കുന്നത്.
ഇതുസംബന്ധിച്ച് ‘മാധ്യമം’ നേരത്തേ വാർത്ത നൽകിയിരുന്നു. മണ്ണിടിഞ്ഞ് വീണ് പെട്രോൾ പമ്പിന്റെ സംരക്ഷണഭിത്തി ഉൾപ്പെടെ തകർന്നിട്ടുണ്ട്. മുകൾഭാഗത്ത് വലിയ പാറക്കഷ്ണങ്ങൾ ഏതുനിമിഷവും താഴേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്. റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്കും സമീപവാസികൾക്കും ഇത് കനത്ത ഭീഷണിയാണ്. ഇതിനിടെ പമ്പ് നിർമാണത്തിനായി കൊണ്ടുവന്ന സാധനങ്ങൾ കടത്താൻ ശ്രമിച്ചത് നാട്ടുകാരും തൊഴിലാളികളും തമ്മിൽ സംഘർഷത്തിന് വഴിവെച്ചു.
മലയടിവാരം തുരക്കുന്നത് പ്രതിഷേധങ്ങൾക്കും ഭീതിക്കും വഴിവെച്ചിരുന്നെങ്കിലും ബന്ധപ്പെട്ട വകുപ്പുകൾ നൽകിയ അനുമതിയുടെ ബലത്തിലായിരുന്നു നിർമാണം. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിതയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും റവന്യൂ അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു. കക്കാട് വില്ലേജ് ഓഫിസർ എൻ.ജെ. ബാബുരാജ് നിർമാണപ്രവൃത്തി നിർത്തിവെക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.