തൃക്കുടമണ്ണക്കടവ് തൂക്കുപാലം അപകടാവസ്ഥയിൽ
text_fieldsമുക്കം: തൃക്കുടമണ്ണക്കടവിൽ മുക്കം നഗരസഭയെയും കാരശ്ശേരി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർച്ച ഭീഷണിയിൽ. കാരശ്ശേരി പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നിർമിച്ച പാലത്തിന്റെ കൈവരികൾ കാലപ്പഴക്കംമൂലം പലഭാഗത്തും തകർന്നനിലയിലാണ്. സ്കൂൾ വിദ്യാർഥികളായ കൊച്ചുകുട്ടികൾ മുതൽ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ഈ പാലത്തിൽ കുറച്ച് ആളുകൾ ഒന്നിച്ചുകയറുമ്പോഴേക്കും പാലം ഒരുവശത്തേക്ക് ചരിയുകയും ഭീതി ജനിപ്പിക്കുന്നവിധത്തിൽ ആടുകയും ചെയ്യുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പാലം ഇരു കരകളിലും തൂണുകളോട് ബന്ധിപ്പിച്ച ഭാഗത്തും പൊട്ടിയ നിലയിലാണ്.
പാലത്തിന്റെ അടിഭാഗവും തുരുമ്പെടുത്തിട്ടുണ്ട്. ഏറെ പ്രസിദ്ധമായ തൃക്കുടമണ്ണ ശിവരാത്രി മഹോത്സവ സമയത്തും കർക്കടക വാവ് ബലിദിവസത്തിലുമെല്ലാം നിരവധിയാളുകൾ കടന്നുപോവുന്ന പാലമാണിത്. തടപ്പറമ്പ് പ്രദേശവാസികൾ വിവിധ ആവശ്യങ്ങൾക്കായി മുക്കം ടൗണിലേക്കെത്തുന്നതും ഇത് വഴിയാണ്. വർഷംതോറും മഴയും വെയിലുമേൽക്കുന്ന ഈ ഇരുമ്പു തൂക്കുപാലം സമയാസമയങ്ങളിൽ അറ്റകുറ്റപ്രവൃത്തി നടത്താത്തതാണ് പ്രശ്നം. മുക്കം നഗരസഭയുടെ ഭാഗത്തുള്ള അപ്രോച്ച് റോഡും കോൺക്രീറ്റ് സ്ലാബുകൾ തകർന്ന് കാൽനടയാത്ര ദുഷ്കരമായ രൂപത്തിലാണ്. ഒരു പ്രദേശത്തെയാകെ നിരവധിയാളുകളുടെ യാത്രാമാർഗമായ ഇവിടെ ഭീതിയില്ലാതെ യാത്രചെയ്യാൻ ഒരു കോൺക്രീറ്റ് പാലം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.