അപകട ഭീഷണിയായി റോഡരികിലെ മരത്തടികൾ
text_fieldsഎൻഐടി -മുത്തേരി റോഡിൽ വട്ടോളിപ്പറമ്പിൽ റോഡിന്റെ വശങ്ങളിൽ മരത്തടികൾ കൂട്ടിയിട്ട നിലയിൽ
മുക്കം: റോഡരികിൽ കൂട്ടിയിട്ട മരത്തടികൾ അപകടഭീഷണിയുയർത്തുന്നു. പൊതുമരാമത്ത് വകുപ്പിന്റെ എൻ.ഐ.ടി-മുത്തേരി റോഡിൽ വട്ടോളിപ്പറമ്പ് അങ്ങാടിയിലെ മരമില്ലിന് സമീപമാണ് കൂറ്റൻ മരത്തടികൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിന്റെ രണ്ട് വശങ്ങളിലും മില്ലിലേക്ക് കൊണ്ടുവന്ന മരത്തടികളാണ്. ഇവ റോഡിലേക്ക് തള്ളി നിൽക്കുന്നതിനാൽ വാഹനങ്ങൾക്ക് വശംകൊടുക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. കാൽനടയാത്രക്കാരും പ്രയാസപ്പെടുന്നു.
രണ്ട് മെഡിക്കൽ കോളജുകളിലേക്ക് രാത്രികാലങ്ങളിൽ രോഗികളുമായി പോകുന്ന വാഹനങ്ങൾക്കാണ് റോഡിന്റെ ഇരുഭാഗത്തുമായി കൂട്ടിയിട്ട മരങ്ങൾ വില്ലനാകുന്നത്. മില്ലിന് തൊട്ടു മുന്നിലാണ് കൊച്ചു കുട്ടികൾ പഠിക്കുന്ന എൽ.പി സ്കൂൾ. നിരവധി വാഹനാപകടങ്ങൾ ഇതിനകം ഈ ഭാഗത്തുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഏട്ടോടെ രണ്ട് സ്കൂട്ടറുകൾ അപകടത്തിൽപ്പെട്ടു. മരത്തിന് തട്ടി ഗുരുതര പരിക്കേറ്റ മുക്കം കച്ചേരി ചെന്നലേരികുഴി മണികണ്ഠൻ (24) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും വട്ടോളിപ്പറമ്പ് എടക്കാട്ടുപറമ്പിൽ സുഗദീഷ് (38), മക്കളായ വേദിക (10), വേദശ്രീ (ആറ്) എന്നിവർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിലും ചികിത്സ തേടി.
ഒക്ടോബറിൽ ബൈക്കപകടത്തിൽ ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ തുടർച്ചയായി അപകടമുണ്ടാകുന്നതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. എത്രയും വേഗം അപകടത്തിന് വഴിയൊരുക്കുന്ന മരത്തടികൾ റോഡിൽനിന്ന് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒപ്പുശേഖരണം നടത്തി കലക്ടർക്ക് പരാതി നൽകാനാണ് തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.