ജീവനും സ്വത്തിനും സംരക്ഷണം തേടി ഒരു മാസം പിന്നിട്ട് വ്യാപാരിയുടെ നിരാഹാര സമരം
text_fieldsമുക്കം: കൈയേറ്റക്കാരുടെ അതിക്രമങ്ങളിൽ നിന്നും മാലിന്യ നിക്ഷേപത്തിൽ നിന്നും സംരക്ഷണം തേടി ഹോട്ടൽ വ്യാപാരിയുടെ നിരാഹാര സമരം ഒരു മാസം പിന്നിട്ടു. മുക്കം നഗരസഭയിലെ മണാശ്ശേരി സ്വദേശിയും വ്യാപാരിയും ജീവകാരുണ്യ പ്രവർത്തകനുമായ മഠത്തിൽ തൊടിക അശോകനാണ് കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ നീതി തേടി നിരാഹാരമിരിക്കുന്നത്.
മണാശ്ശേരിയിൽ അദ്ദേഹത്തിന് ലഭിച്ച പാരമ്പര്യസ്വത്തിൽ നല്ലൊരു ഭാഗം കൈയേറ്റക്കാർ കൈവശപ്പെടുത്തുകയും ഭാര്യയുടെ പേരിലുള്ള കെട്ടിട സമുച്ചയത്തിൽ ഉദ്ഘാടന സജ്ജമായ ഹോട്ടലിനും കൂൾ ബാറിനും ലൈസൻസ് അനുവദിക്കാതെ അധികൃതർ വട്ടം കറക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമരമെന്ന് അശോകൻ പറഞ്ഞു.
കൈയേറിയതിന് പുറമെ വസ്തുവിലേക്ക് മാലിന്യം നിക്ഷേപിച്ച് മലിനപ്പെടുത്തുകയാണെന്നും ഇതിനെതിരെ പ്രതികരിച്ചതിന് അടുത്ത കാലത്തായി രണ്ട് തവണ തന്നെ കല്ലെറിഞ്ഞ് പരിക്കേൽപിച്ചതായും അശോകൻ പറഞ്ഞു. താൻ നൽകുന്ന പരാതികൾ പരിഗണിക്കാതിരിക്കുകയും അപായപ്പെടുത്താനുള്ള നീക്കം ശക്തമാവുകയും ചെയ്തതോടെയാണ് ഈ 60 കാരൻ ഭാര്യയുടെ പേരിൽ മണാശ്ശേരിയിലുള്ള സ്ഥലത്ത് നിരാഹാരമിരിക്കുന്നത്.
കോവിഡ് കാലത്ത് വലിയ കെട്ടിട സമുച്ചയം ക്വാറന്റീൻ കേന്ദ്രമായി വിട്ടു നൽകുകയും സൗജന്യ ഭക്ഷണ വിതരണവും നടത്തി ജില്ല ഭരണകൂടത്തിന്റെ പ്രശംസ നേടിയ വ്യക്തിയാണ് അശോകൻ. മൂന്ന് പതിറ്റാണ്ടായി മെഡിക്കൽ കോളജ് പരിസരത്ത് തന്റെ ഹോട്ടലിൽ മുടങ്ങാതെ കഞ്ഞി വിതരണവും ഇദ്ദേഹം നടത്തുന്നുണ്ട്.
വർഷങ്ങൾക്ക് മുമ്പ് മണാശ്ശേരിയിലെ കള്ളുഷാപ്പ് തീവെപ്പ് കേസിൽ നിരപരാധിയെ കുടുക്കാനുള്ള പ്രദേശത്തെ രാഷ്ട്രീയ നേതാവിന്റെ നീക്കത്തിന് അശോകൻ തടയിട്ടിരുന്നു. അതിനു ശേഷം മുൻ കൗൺസിലർ കൂടിയായ ഈ നേതാവ് അധികാരവും സ്വാധീനവും ഉപയോഗിച്ച് തന്നെ തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് സംഭവങ്ങളെന്നും അശോകൻ പറഞ്ഞു. സമരം 36 ദിവസമായിട്ടും ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.