നോക്കാനാളില്ല; മുക്കത്തെ ട്രാഫിക് പരിഷ്കരണം പൂർണ പരാജയം
text_fieldsമുക്കം: ആർക്കും ഏതു വാഹനവും എവിടെയും എത്രനേരവും നിർത്തിയിടാം. ഏതു റോഡിലൂടെയും ഏതു ദിശയിലേക്കും ഒരു നിയന്ത്രണവുമില്ലാതെ വാഹനമോടിക്കാം. ആരും തടയില്ല, ചോദിക്കുകയുമില്ല. ആരെയും പേടിക്കേണ്ട. കോഴിക്കോടിന്റെ കിഴക്കൻ മലയോരത്തിന്റെ സിരാകേന്ദ്രമായി അറിയപ്പെടുന്ന മുക്കത്താണ് ഈ ‘സ്വാതന്ത്ര്യം.’
നിയമവും നിയമപാലകരും ഇല്ലാഞ്ഞിട്ടല്ല. ഏറെനാൾ ആലോചനയും പഠനവും നടത്തി നഗരസഭയുടെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച് ഏഴുവർഷം മുമ്പ് നടപ്പാക്കിയ ട്രാഫിക് പരിഷ്കാര നിയമമുണ്ട്. വിവിധ സംഘടനകളിൽ ഉൾപ്പെട്ട തൊഴിലാളികളും അങ്ങാടിയിലെ വ്യാപാരികളുമടക്കം ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചുകൂട്ടി അംഗീകാരം വാങ്ങിയാണ് ഈ ട്രാഫിക് പരിഷ്കാരം നടപ്പാക്കിയത്. ഇതുപ്രകാരം ബസുകൾ നേരെ അങ്ങാടിയിലൂടെ വന്ന് ബസ് സ്റ്റാൻഡുകളിൽ പ്രവേശിക്കുകയും ബൈപാസ് വഴി പുറത്തുപോകുകയും ചെയ്യണം.
പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന ബസുകൾ പഴയ സ്റ്റാൻഡിന്റെ മുന്നിൽ ഇടുങ്ങിയ റോഡിൽ നിർത്തിയിടാനോ അവിടെനിന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. മുക്കം കടവ് പാലം വഴി വരുന്ന വാഹനങ്ങൾ ഓർഫനേജിന് മുന്നിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞു പോകണം. അവിടെനിന്ന് മുന്നോട്ടുള്ള റോഡ് വൺവേയാണ്.
അങ്ങാടിയിൽനിന്ന് പടിഞ്ഞാറോട്ടു പോകുന്ന വാഹനങ്ങൾ പി.സി റോഡ് വഴിയാണ് പോകേണ്ടത്. മെയിൻ റോഡ് പോസ്റ്റ് ഓഫിസ് ജങ്ഷൻമുതൽ അഭിലാഷ് ജങ്ഷൻ വരെ വൺവേയാണ്. ബസ് സ്റ്റാൻഡിൽനിന്ന് പുറത്തേക്കു പോകാനുള്ള ബൈപാസ്, വയലിൽ മമ്മദ് ഹാജി റോഡ്, വില്ലേജ് ഓഫിസ് റോഡിൽനിന്ന് മാർക്കറ്റിലേക്കുള്ള മരക്കാർ ഹാജി റോഡ്, പി.സി റോഡ് എന്നിവയും വൺവേയാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാനും ചില നിർദേശങ്ങൾ നിയമത്തിൽ ഉൾപ്പെടുത്തുകയും ഈ വിവരങ്ങളെല്ലാം വിസ്തരിച്ച് ഉച്ചഭാഷിണിയിലൂടെ നിരവധി ദിവസം അറിയിപ്പു നൽകുകയും ചെയ്തതാണ്.
എല്ലാ റോഡുകളിലും ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരിൽ ബഹുഭൂരിഭാഗവും ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് നിയമം ലംഘിക്കുകയും ലംഘനം കണ്ടില്ലെന്നു നടിച്ച് നിയമപാലകർ മൗനം പാലിക്കുന്നതും നഗരസഭ അധികൃതർ നിസ്സഹായരായി നോക്കിനിൽക്കുന്നതുമാണ് മുക്കത്ത് ഇപ്പോൾ കാണുന്ന കാഴ്ച. പത്തുമാസം പിന്നിട്ട ട്രാഫിക് പരിഷ്കാര നടപടികൾ കർശനമായി നടപ്പാക്കാൻ ഇനി എത്രകാലം വേണ്ടിവരുമെന്നാണ് ജനത്തിന്റെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.