ആദിവാസി കോളനിയിൽ വൈദ്യുതി നൽകുന്നില്ലെന്ന് പരാതി
text_fieldsമുക്കം: കാരശ്ശേരി ആദിവാസി കോളനിയിൽ ലൈഫ് ഭവന പദ്ധതി പ്രകാരം വീട് ലഭിച്ച കുടുംബങ്ങൾക്ക് കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ നൽകുന്നില്ലെന്ന് പരാതി. ഇതോടെ, കൂമ്പാറ സെക്ഷന് കീഴിലുള്ള നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. രണ്ടാഴ്ചയിൽ കൂടുതലായി വാർഡ് അംഗം എം.ആർ. സുകുമാരൻ അടക്കം വൈദ്യുതി ഓഫിസുകളിൽ കയറിയിറങ്ങിയിട്ടും പ്രതിസന്ധിക്ക് പരിഹാരമായില്ല.
കോളനിയിലെ കാലക്കുഴി വീട്ടിൽ പ്രകാശനും കുടുംബവും വീട്ടിൽ വെളിച്ചമില്ലാതെ ദുരിതത്തിലായിട്ട് ആഴ്ചകളായി. ബി.പി.എൽ രേഖ ഹാജരാക്കാത്തതിനാലാണ് കണക്ഷൻ നൽകാത്തതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. എന്നാൽ, ഇവരുടെ റേഷൻ കാർഡിൽ ആദിവാസി കുടുംബമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവർ ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹതയുണ്ടെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ രേഖയുമുണ്ട്. എല്ലാ രേഖകളും ഉണ്ടാക്കിയിട്ടും തങ്ങളെ പോലുള്ളവരെ ദ്രോഹിക്കുകയാണ് കെ.എസ്.ഇ.ബി ചെയ്യുന്നതെന്ന് വീട്ടുകാർ പറയുന്നു. പ്രകാശന്റെ മാതാവ് 79 കാരി മാണിയമ്മയും താമസിക്കുന്നത് ഈ വീട്ടിലാണ്.
കാരശ്ശേരിയിലെ പട്ടികവർഗ കുടുംബങ്ങൾക്ക് ലൈഫ് മിഷൻ വഴി നിർമിച്ച വീടുകൾക്ക് മതിയായ രേഖകളുണ്ടായിട്ടും വൈദ്യുതി കണക്ഷൻ നൽകാത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എൻജിനീയർ ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂലൈ 24ന് കോഴിക്കോട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.