ആദിവാസി കുട്ടികളുടെ പഠനം ട്രൈബൽ ഹോസ്റ്റൽ തുറക്കണം –ബാലാവകാശ കമീഷൻ
text_fieldsതിരുവമ്പാടി: ആദിവാസികൾ ഉൾപ്പെടെ പട്ടിക ജാതി-വർഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ട്രൈബൽ ഹോസ്റ്റലുകൾ ഉടൻ തുറക്കണമെന്ന് ബാലാവകാശ കമീഷൻ ഉത്തരവിട്ടു. കോവിഡ് മൂലം അടച്ച ട്രൈബൽ ഹോസ്റ്റലുകൾ പ്രോട്ടോകാൾ പാലിച്ച് തുറക്കണമെന്നാണ് നിർദേശം. സംസ്ഥാന പട്ടികജാതി വകുപ്പ് സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ എന്നിവർക്കാണ് ബാലാവകാശ കമീഷൻ നിർദേശം നൽകിയത്.
ജൂൺ 21ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ ആനക്കാംപൊയിൽ ഓടപ്പൊയിൽ, മുത്തപ്പൻ പുഴ ആദിവാസി കോളനികൾ ബാലാവകാശ കമീഷൻ അംഗങ്ങളായ അഡ്വ. നസീർ ചാലിയം, അഡ്വ. ബവിത ബൽരാജ് എന്നിവർ സന്ദർശിച്ച് വിദ്യാർഥികളുടെ ദുരിതാവസ്ഥ നേരിൽ കണ്ട സാഹചര്യത്തിലാണ് കമീഷൻ ഉത്തരവിറക്കിയത്.
ഓടപ്പൊയിൽ ആദിവാസി കോളനിയിലെ അനാഥരായ ആറു പെൺകുട്ടികളെ കുറിച്ച് ഇതേ ദിവസം 'മാധ്യമം' വാർത്ത നൽകിയിരുന്നു.
അനാഥപെൺകുട്ടികളുടെ സംരക്ഷണത്തിന് അന്നുതന്നെ കമീഷൻ നിർദേശം നൽകി. ഈ കുട്ടികളുടെ സംരക്ഷണ ചുമതല ജില്ല ചൈൽഡ് വെൽെഫയർ കമ്മിറ്റിക്കായിരിക്കും.
ഓടപ്പൊയിൽ കോളനിയിലെ അകാലമരണങ്ങൾ സംബന്ധിച്ച് പഠനം നടത്തി കർമപദ്ധതി തയാറാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടർമാരോട് ഉത്തരവിൽ നിർദേശിച്ചു. ജില്ല ജുവനൈൽ പൊലീസ് മാസത്തിലൊരിക്കൽ കോളനി സന്ദർശിക്കണമെന്നും സ്ഥിരം പൊലീസ് പട്രോളിങ് വേണമെന്നും ഉത്തരവിലുണ്ട്. കോളനിയിലെ കുട്ടികൾക്ക് ആധാർ, ബാങ്ക് അക്കൗണ്ട് ലഭ്യമാക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ റിപ്പോർട്ട് നൽകണം. കോളനിയിൽ പുറമേ നിന്നുള്ളവരുടെ കുറ്റകൃത്യം തടയാൻ തിരുവമ്പാടി പൊലീസിനോട് നിർദേശിച്ചു. പോഷകാഹാരം ഉറപ്പാക്കാൻ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫിസർക്കും കുട്ടികളുടെ ഓൺലൈൻ പഠനം ഉറപ്പാക്കാൻ ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർക്കും ഉത്തരവ് നൽകി.
ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ മാസത്തിലൊരിക്കൻ ആനക്കാംപൊയിലിലെ ആദിവാസി കോളനികൾ സന്ദർശിച്ച് ഉത്തരവ് നടപ്പാക്കുന്നത് നിരീക്ഷിച്ച് റിപ്പോർട്ട് നൽകണമെന്നും സംസ്ഥാന ബാലാവകാശ കമീഷൻ നിർദേശിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.