നിർമാണത്തിലെ അശാസ്ത്രീയത; നാട്ടുകാർ സംസ്ഥാന പാത ഉപരോധിച്ചു
text_fieldsമുക്കം: നവീകരണ പ്രവൃത്തിക്ക് ശേഷം അപകടങ്ങൾ പതിവായ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയുടെ ഓടതെരുവ്-മാടാംപുറം വളവിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഉപരോധസമരം നടത്തി. നിർമാണത്തിലെ അശാസ്ത്രീയതമൂലം ഇവിടെ വാഹനങ്ങൾ ഒരു വശത്തേക്ക് തെന്നി അപകടത്തിൽപെടുന്നത് പതിവാണ്. ഇതേ തുടർന്നാണ് പ്രവൃത്തിയിലെ പോരായ്മകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പ്രതിഷേധം നടന്നത്.
വിഷയം കരാർ കമ്പനി അധികൃതരുടെയും പൊതുമരാമത്ത്, പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയ ശേഷമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സമരം നടത്തിയത്. പ്രശ്നത്തിൽ ലിന്റോ ജോസഫ് എം.എൽ.എ ഇടപെടുകയും പരിഹാര നടപടികൾ കൈക്കൊള്ളുന്നതിന് നടപടിയാരംഭിച്ചതായി അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. രണ്ടു ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഉപരോധസമരം മൂലം റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.