വല്ലത്തായിക്കടവ് പാലം; 4.95 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി
text_fieldsമുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ ചെറുപുഴയുടെ വല്ലത്തായി കടവിൽ കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് നാല് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി പതിനായിരം രൂപയുടെ പുതുക്കിയ ഭരണാനുമതി.
2021ൽ നാലു കോടി രൂപയുടെ ഭരണാനുമതി ലഭിച്ച് അന്നത്തെ പൊതുമരാമത്ത് മന്ത്രി പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചിരുന്നെങ്കിലും തുടർനടപടികളുണ്ടായില്ല. അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതിനാൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്യാനാകാത്തതായിരുന്നു തടസ്സം.
തുടർന്ന് പൊതുപ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായി റോഡിന് സ്ഥലം ലഭ്യമായെങ്കിലും പൊതുമരാമത്ത് പ്രവൃത്തി നിരക്കിൽ മാറ്റം വന്നതിനാൽ അടങ്കൽ 4.7 കോടി രൂപയായി ഉയർത്തി ഭരണാനുമതി പുതുക്കി. എന്നാൽ, സാങ്കേതികാനുമതിക്ക് സമർപ്പിച്ചെങ്കിലും ജി.എസ്.ടി നിരക്കിൽ മാറ്റം വന്നു.
ആ മാറ്റം കൂടി പരിഗണിച്ചാണ് ഇപ്പോൾ പുതുക്കിയ ഭരണാനുമതി ലഭിച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി നിർമിച്ച വെന്റ് പൈപ്പ് പാലമാണ് നിലവിൽ ഇവിടെയുള്ളത്. മഴക്കാലമായാൽ ഈ പാലം വെള്ളത്തിനടിയിലായി ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെടുന്ന അവസ്ഥയാണ്. ഇതിന് പുറമെ ഇതുവഴി ബസ് ഗതാഗതത്തിന് അനുമതിയും ഉണ്ടായിരുന്നില്ല.
മുക്കത്തുനിന്ന് കാരമൂല, വല്ലത്തായിപ്പാറ വഴി മരഞ്ചാട്ടി, കൂമ്പാറ, കക്കാടംപൊയിൽ, നിലമ്പൂർ ഭാഗത്തേക്കെത്താനുള്ള എളുപ്പവഴിയാണ് ഇത്. കോൺക്രീറ്റ് പാലം യാഥാർഥ്യമായാൽ ഇതുവഴി ബസ് സർവിസ് ആരംഭിക്കുന്നതിനും സാധ്യത തെളിയും. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് ഉടൻ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ലിന്റോ ജോസഫ് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.