സമ്മിശ്ര കൃഷിയുടെ ഉള്ളറകൾ തൊട്ടറിഞ്ഞ് ജൈവകർഷകൻ
text_fieldsമുക്കം: പതിറ്റാണ്ടിലേറെ സമ്മിശ്ര കൃഷികളുടെ ഉള്ളറകൾ തൊട്ടറിഞ്ഞ ജൈവകർഷകെൻറ മണ്ണറിഞ്ഞുള്ള പ്രവർത്തനങ്ങൾ ശ്രദ്ധ തേടുന്നു. മണാശ്ശേരി സ്വദേശിയായ വിനോദാണ് കൃഷി വൈവിധ്യങ്ങളുടെ പരീക്ഷണത്തിലൂടെ വിജയഗാഥ തീർക്കുന്നത്. കാട്ടുകിഴങ്ങ് വർഗങ്ങൾ, വാഴ, നെല്ല്, ചേന, ചേമ്പ്, ബിലാത്തി ചേമ്പ്, കപ്പ, കൂർക്കൽ, ഇഞ്ചി, മഞ്ഞൾ, ബിലാത്തികൂവ, കച്ചോലം, മധുരക്കിഴങ്ങ്, കണ്ടിക്കിഴങ്ങ്, മീശക്കിഴങ്ങ്, നീണ്ടിക്കിഴങ്ങ്, ഔഷധനെല്ലുകളായ രക്തശാലി, ഉമ, ജ്യോതി, പള്ളിയാറൽ, കുറുവ, മഞ്ഞൾ വിഭാഗത്തിലെ പ്രഗതി, വയനാടൻ, നാടൻ, മക്കളെ പോറ്റി, ഇഞ്ചി, നാടൻ കണ്ടി കിഴങ്ങ്, പച്ചക്കറികളായ പച്ചമുളക്, വഴുതന എന്നിവയാണ് വിനോദ് കൃഷി ചെയ്യുന്നത്. സ്വന്തമായ രണ്ടര ഏക്കറിലും പാട്ടഭൂമികളിലാണ് കൃഷി. പശുവളർത്തൽ, തേനീച്ച വളർത്തൽ, മീൻ വളർത്തൽ എന്നിവയും വിനോദിെൻറ വിനോദമാണ്.
പശുവളർത്തലിലൂടെ ലഭിക്കുന്ന ചാണകവും, മൂത്രവും മീൻ വളർത്തലിൽ ലഭിക്കുന്ന അവശിഷ്ടങ്ങളുമാണ് കൃഷിയിടങ്ങളിൽ വളമായി ഉപയോഗിക്കുന്നത്. ജൈവകൃഷിയായതിനാൽ പാട്ടത്തിനെടുക്കുന്ന ഭൂമിയുടെ ഉടമകൾ പലരും പണം വാങ്ങാറില്ലെന്ന് വിനോദ് പറയുന്നു.
വിദ്യാലയങ്ങളിലും കാർഷിക ക്ലബുകളിലും ജൈവ കൃഷിപാഠങ്ങൾ പകർന്നു നൽകാറുമുണ്ട്. കൃഷിയിടങ്ങളിൽ വിദ്യാർഥികളടക്കം സന്ദർശകരും പതിവാണ്. മുക്കം നഗരസഭയുടെ യുനൈറ്റഡിെൻറയും സഹകരണത്തോടെ ചെയ്ത അഞ്ച് ഏക്കർ രക്തശാലി നെൽ കൃഷി വിളവെടുപ്പിന് ഒരുങ്ങുകയാണ്. ഈയിനം അരിക്ക് വിപണിയിൽ കിലോഗ്രാമിന് 300 രൂപയുണ്ട്. ഭാര്യ സുബിതയും മുക്കം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ മകൾ അഭിക്ഷയും വിനോദിന് പൂർണ പിന്തുണയുമായുണ്ട്. 2017ൽ താമരശ്ശേരി അല്ലാമ മുഹമ്മദ് ഇഖ്ബാൽ ഫൗണ്ടേഷെൻറ മികച്ച ജൈവകർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. കൃഷിയോടൊപ്പം സിനിമ മേഖലയിലും പ്രവർത്തിക്കുന്നുണ്ട് വിനോദ്. 14 ഹ്രസ്വചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.