അഞ്ച് മാസമായി വേതനമില്ല; മുക്കം സി.എച്ച്.സിയിൽ ഡോക്ടർമാർ അവധിയിൽ പോയി
text_fieldsമുക്കം: ദിവസവും നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമേകുന്ന മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഈവനിങ് ഒ.പി മുടങ്ങിയത് നിരവധി പേർക്ക് ദുരിതമായി. വേതനം ലഭിക്കാത്തതിനെത്തുടർന്ന് ഈവനിങ് ഒ.പിയിൽ ഉണ്ടായിരുന്ന രണ്ട് ഡോക്ടർമാർ അവധിയിൽ പോയതാണ് രോഗികൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിസന്ധിയായത്. അഞ്ചുമാസമായി ഇവർക്ക് ശമ്പളം ലഭിച്ചില്ലെന്നാണ് വിവരം.
ഇന്നലെ സി.എച്ച്.സിയിൽ എത്തിയവർ ഈവനിങ് ഒ.പി ഉണ്ടായിരിക്കുന്നതല്ല എന്ന ബോർഡാണ് കണ്ടത്. ഇതോടെ മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി രോഗികൾക്ക് തിരിച്ചുപോവേണ്ടി വന്നു. ശരാശരി മുന്നൂറോളം രോഗികളാണ് മുക്കം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയിൽ ദിവസവും പരിശോധനക്കായി എത്താറുള്ളത്. ഇതിനുപുറമെ രാവിലെ പരിശോധിച്ച ഡോക്ടർമാർ നൽകുന്ന ലാബ് ടെസ്റ്റുകൾ പരിശോധിച്ച് മരുന്നുകുറിക്കുന്നതും ഇവർ തന്നെയാണ്. ആരോഗ്യവകുപ്പ് നാലു ഡോക്ടർമാരെയാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിയമിച്ചിട്ടുള്ളത്. ഇതിൽ ഒരാൾ അവധിയിലാണ്. ബാക്കി മൂന്നുപേരാണ് രാവിലെ മുതൽ ഉച്ചവരെയുള്ള ഒ.പി കൈകാര്യം ചെയ്യുന്നത്. ഇത് കൃത്യമായി നടക്കുന്നുണ്ട്. നഗരസഭ നിയമിച്ച രണ്ട് ഡോക്ടർമാരാണ് ഈവനിങ് ഒ.പിയിൽ സേവനമനുഷ്ഠിക്കുന്നത്. ഇവരാണ് സേവനം അവസാനിപ്പിച്ചത്. വിവിധ കാരണങ്ങൾ മൂലം ഇരുവരും അവധിയിൽ പോയതിനാലാണ് ഇന്നലെ പരിശോധന നടക്കാതിരുന്നതെന്നും അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണുമെന്നും നഗരസഭ ചെയർമാൻ പി.ടി. ബാബു പറഞ്ഞു. പ്രത്യേക പ്രോജക്ടിൽനിന്നാണ് ഇവർക്ക് വേതനം നൽകുന്നതെന്നും ഇതിൽ വന്ന സാങ്കേതിക പിഴവുമൂലമാണ് അഞ്ചുമാസത്തെ ശമ്പളം കൊടുക്കാൻ കഴിയാതെ വന്നതെന്നും ഓൺ ഫണ്ടിൽനിന്ന് ഇവർക്ക് വേതനം നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമടക്കം ഉണ്ടായിരുന്നതുകൊണ്ടാണ് നീണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
ഒരാൾ പി.ജി പരീക്ഷയും മറ്റൊരാൾ വിവാഹവും കാരണം പറഞ്ഞാണ് അവധിയെടുത്തതെന്നാണ് സൂചന. സാധാരണ ഡോക്ടർമാർ അവധിയെടുത്താൽ പകരം അവർ തന്നെ മറ്റു ഡോക്ടർമാരെ നിയോഗിക്കുകയാണ് പതിവ്. എന്നാൽ വേതനം ലഭിക്കാത്തതിനാൽ ഇവിടെ അവധിയെടുത്ത ഡോക്ടർമാർ അത് ചെയ്തില്ല. ഇതോടെ ആദിവാസികൾ അടക്കം മലയോര മേഖലയിലെ നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന മുക്കം സി.എച്ച്.സിയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. ഉച്ചക്ക് ശേഷവുമെത്തുന്ന രോഗികളുടെ ബാഹുല്യം പരിഗണിച്ചായിരുന്നു നഗരസഭ ഈവനിങ് ഒ.പി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.