സി.പി.എം നിലപാടുകൾ സാമുദായിക ധ്രുവീകരണത്തിന് വളംവെക്കുന്നു -ഹമീദ് വാണിയമ്പലം
text_fieldsമുക്കം: വർഗ്ഗീയ സംഘർഷം സൃഷ്ടിച്ച് അധികാരമുറപ്പാക്കുകയെന്ന സംഘപരിവാർ ലക്ഷ്യം നടപ്പാവാത്ത സ്ഥലങ്ങളിൽ മതേതര സംവിധാനങ്ങളെ തന്ത്രപരമായി ഉപയോഗിക്കുന്ന ഗൂഢ തന്ത്രമാണ് സി.പി.എം കേരളത്തിൽ നടപ്പാക്കിക്കൊടുക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അധികാരം നിലനിർത്താൻ സി.പി.എം നടത്തിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ സോഷ്യൽ എൻജിനീയറിങ് ക്രിസ്ത്യൻ-മുസ്ലിം സമൂഹങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതും സംഘപരിവാറിന് വളംവെച്ചു കൊടുക്കുന്നതുമാണ്. കേരളത്തിന്‍റെ സൗഹൃദാന്തരീക്ഷം നിലനിർത്താൻ മതേതര കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംഘ്പരിവാറും സി.പി.എമ്മും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മുക്കത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷ പ്രചാരകരെ തള്ളിക്കളയുക, വിഭജന രാഷ്ട്രീയത്തെ ചെറുക്കുക എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രചണത്തിന്‍റെ ഭാഗമായി പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റിയാണ് മുക്കം എസ്.കെ പാര്‍ക്കില്‍ പരിപാടി സംഘടിപ്പിച്ചത്.
കോട്ടയം ഉരുള്‍ദുരന്തഭൂമിയില്‍ പുനരധിവാസ സേവനം ചെയ്ത് തിരിച്ചെത്തിയ മണ്ഡലത്തിലെ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരായ ടി.കെ. നസ്‌റുല്ല, അന്‍വര്‍ മുക്കം എന്നിവരെ ആദരിച്ചു. മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, സാറ കൂടാരം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടി.കെ അബൂബക്കര്‍, ഷാഹിന വലിയപറമ്പ്, പാർട്ടി കൊടിയത്തൂർ പ്രസിഡൻ്റ് ജ്യോതിബസു കാരക്കുറ്റി, ശംസുദ്ദീന്‍ , സാലിം ജീറോഡ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.