നഗരമാലിന്യം മെഡിക്കൽ കോളജ് പ്ലാന്റിലേക്ക്
text_fieldsകോഴിക്കോട്: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് കക്കൂസ് മാലിന്യം സംസ്കരിക്കാൻ മെഡിക്കൽ കോളജ് മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് എത്തിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അതിന് അടിയന്തര പരിഹാരം കാണണമെന്നും വിദഗ്ധ സമിതി. പുറത്തുനിന്നുള്ള കക്കൂസ് മാലിന്യം മെഡിക്കൽ കോളജ് കാമ്പസിലെ പ്ലാന്റിലേക്ക് സംസ്കരിക്കാൻ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആശങ്കകളെക്കുറിച്ച് പഠിക്കാൻ പ്രിൻസിപ്പൽ നിയോഗിച്ച പ്രത്യേക ആഭ്യന്തര സമിതിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള പ്രോട്ടോകോൾ പാലിക്കാതെയാണ് പ്ലാന്റ് നിർമിച്ചെന്നും സമിതി ചൂണ്ടിക്കാട്ടിയതായാണ് വിവരം.
പ്ലാന്റിന്റെ 20 മീറ്റർ അടുത്താണ് ജീവനക്കാരുടെ ക്വാർട്ടേഴ്സ്. 30 മീറ്റർ അകലെ വിദ്യാർഥികളുടെ ഹോസ്റ്റലും പ്രവർത്തിക്കുന്നുണ്ട്. ജനസാന്ദ്രത ഏറിയ പ്രദേശമാണിത്. ഇത്തരമൊരു കേന്ദ്രത്തിലേക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കക്കൂസ് മാലിന്യം സംസ്കരിക്കാൻ കൊണ്ടുതള്ളുന്നത് പകർച്ചവ്യാധികൾ അടക്കം ഗുരുതര ആരോഗ്യ പ്രശ്നത്തിന് ഇടയാക്കും.
ദിനംപ്രതി രോഗികളും കൂട്ടിരിപ്പുകാരുമായി ആയിരക്കണക്കിന് പേർ എത്തുന്ന ആരോഗ്യ കേന്ദ്രത്തിൽ ഉറവിട മാലിന്യ സംസ്കരണം എന്നതിനപ്പുറത്ത് നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മാലിന്യം കൊണ്ടുതള്ളുന്നത് ശരിയായ രീതിയല്ലെന്നും സംഘം പ്രിൻസിപ്പലിന് സമർപ്പിച്ച സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ ജീവനക്കാരുടെയും വിദ്യാർഥികളുടെയും ആശങ്കകൾക്ക് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണണമെന്നും സമിതി നിർദേശിക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും കലക്ടർക്ക് നിവേദനം നൽകി. എന്നാൽ ഡി.എം.ഇക്ക് കൈമാറിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടാൻ ആവില്ലെന്ന് പ്രിൻസിപ്പൽ സജിത്കുമാർ അറിയിച്ചു. പുറത്തുനിന്നുള്ള മാലിന്യം മെഡിക്കൽ കോളജിലെ ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് കൊണ്ടുവരുന്നത് കാമ്പസിലെ താമസിക്കുന്നവരെയും ചികിത്സക്ക് എത്തുന്നവരെയും ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
ഇതിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികളും റസിഡന്റ്സ് അസോസിയേഷനുകളും രംഗത്തെത്തുകയും ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയും കലക്ടർക്ക് നിവേദനം നൽകിയിരുന്നു. മാലിന്യം ടാങ്കറുകളിൽനിന്ന് പ്ലാന്റിലേക്ക് ഇറക്കുമ്പോൾ അസഹനീയമായ ദുർഗന്ധം അനുഭവപ്പെടുന്നതായും വിദ്യാർഥികളും ജീവനക്കാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.