മൂരാട് പുതിയ പാലം നിർമാണം അന്തിമഘട്ടത്തിൽ
text_fieldsപയ്യോളി: കോഴിക്കോട്-കണ്ണൂർ ദേശീയപാതയിലെ അഴിയാക്കുരുക്കുകളിലൊന്നായ, കുറ്റ്യാടി പുഴക്ക് കുറുകെയുള്ള മൂരാട് പുതിയ പാലം നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നു. ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വടകര പാലോളിപ്പാലം മുതൽ മൂരാട് പാലം വരെയുള്ള വികസന പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ പാലം നിർമാണം പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുത്തതിനും നിർമാണത്തിനുമായി 210 കോടി രൂപയാണ് ഇരുപാലങ്ങളുമടക്കം രണ്ട് കിലോമീറ്റർ ദൂരം വരുന്ന പാതയുടെ നിർമാണച്ചെലവ് നിശ്ചയിച്ചിരിക്കുന്നത്.
2021 തുടക്കത്തിൽ ആരംഭിച്ച നിർമാണ പ്രവൃത്തികൾ 2023 ഏപ്രിലോടെ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കാവുന്ന വിധത്തിലാണ് നിർമാണം നടക്കുന്നത്. ഹരിയാന ആസ്ഥാനമായുള്ള ഇ-ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമാണത്തിന്റെ കരാർജോലികൾ ഏറ്റെടുത്തിരിക്കുന്നത്.160ഓളം ജോലിക്കാരാണ് രാപ്പകൽ ഭേദമന്യേ രണ്ട് ഷിഫ്റ്റുകളിലായി ജോലിയിലേർപ്പെട്ടിരിക്കുന്നത്. ആറുവരിപ്പാതക്കായി 14തരം പില്ലറുകളാണ് പുഴയിലും കരയിലുമായി സ്ഥാപിച്ചിരിക്കുന്നത്. അതിൽ പുഴയുടെ മധ്യഭാഗത്ത് സ്ഥാപിക്കുന്ന പില്ലറുകളുടെ ജോലികളാണ് ഇപ്പോൾ പ്രധാനമായും പുരോഗമിക്കുന്നത്. പുഴയിൽ സ്ഥാപിക്കുന്ന നാല് പില്ലറുകൾ ആറുവീതം കോൺക്രീറ്റ് തൂണുകളിലാണ് ഉറപ്പിച്ചുനിർത്തുന്നത്. പില്ലറുകൾക്ക് മുകളിൽ 60 ഗർഡറുകളാണ് സഞ്ചാരത്തിനായി സ്ഥാപിക്കുക. ഇവയിൽ പൂർത്തിയായ 30 എണ്ണമാണ് അടുത്ത ദിവസം പാലം അടച്ചിട്ടശേഷം സ്ഥാപിക്കാൻ പോകുന്നത്. ഗതാഗതം നിർത്തിവെച്ച് കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെ മാത്രമേ ഇവ ഘടിപ്പിക്കാൻ സാധിക്കുകയുള്ളൂവെന്ന് ഇ-ഫൈവ് അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതിനായി കുറഞ്ഞത് രണ്ടാഴ്ചയാണ് നിലവിലെ പാലം ഭാഗികമായി അടച്ചിടേണ്ടിവരുക.
മൂരാട് പാലം അടക്കുന്നത് നീട്ടി
പയ്യോളി: മൂരാട് പുതിയ പാലം നിർമാണവുമായി ബന്ധപ്പെട്ട് നിലവിലെ പാലം ബുധനാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അടച്ചിടാനുള്ള തീരുമാനം അനിശ്ചിതമായി നീട്ടി. രാവിലെയും വൈകീട്ടും മൂന്നു മണിക്കൂർ വീതം തുറന്നുകൊടുത്ത് ബാക്കി സമയം രാത്രിയുൾപ്പെടെ പൂർണമായി അടച്ചിടാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാൽ, വാഹനങ്ങൾ തിരിച്ചുവിടുന്ന മണിയൂർ വഴിയുള്ള റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പ്രത്യേകിച്ച് തുറശ്ശേരിക്കടവ് പാലം വഴി സഞ്ചരിക്കുമ്പോൾ പാലയാട് ഭാഗത്ത് റോഡ് തകർച്ച രൂക്ഷമാണ്. അതിനാൽ പാലം അടച്ചിട്ട് വാഹനങ്ങൾ തിരിച്ചുവിടുന്നത് സംബന്ധിച്ച് ഏറെ വിമർശനമുയർന്നിരുന്നു. റോഡിലെ കുഴികളടച്ചശേഷം കൃത്യമായ ദിശാസൂചിക ബോർഡുകൾകൂടി സ്ഥാപിച്ചശേഷം മാത്രമേ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടാൻ സാധിക്കൂ. പാലം അടച്ചിടൽ ഇനിയും ദിവസങ്ങൾ നീളാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.