കൊലയിൽ ഞെട്ടി വെള്ളയിൽ
text_fieldsകോഴിക്കോട്: ഞായറാഴ്ച വെള്ളയിൽ ഓട്ടോ ഡ്രൈവറെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടി പ്രദേശവാസികൾ. വെള്ളയിൽ പണിക്കർ റോഡ് നാലുകുടി പറമ്പിൽ ശ്രീകാന്തിനെയാണ് (47) രാവിലെ ആറോടെ റോഡരികിൽ നിർത്തിയിട്ട ഓട്ടോക്കടുത്ത് വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വയറിലും പുറത്തുമാണ് വെട്ടേറ്റത്. സംഭവസ്ഥലത്തുനിന്ന് ഒരാൾ ബൈക്കിൽ പോകുന്നത് പ്രദേശവാസി കണ്ടിരുന്നെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ തിരിച്ചറിയാനായില്ല. ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് ആളുകളെത്തിയപ്പോഴേക്കും ശ്രീകാന്ത് മരിച്ചിരുന്നു. വിവരമറിഞ്ഞ് വെള്ളയിൽ പൊലീസും നടക്കാവ് പൊലീസും സ്ഥലത്തെത്തി. ആളൊഴിഞ്ഞ സ്ഥലത്താണ് കൊലപാതകം നടന്നത്. സാധാരണ ഈ ഭാഗത്തെ റോഡിൽ ആളുകളുണ്ടാവാറുണ്ടായിരുന്നു. ഞായറാഴ്ചയായതിനാൽ ആളുകൾ കുറവായിരുന്നു.
മൃതദേഹം കിടന്നിരുന്നതിന് എതിർഭാഗത്തായി ശ്രീകാന്തിന്റെ ഓട്ടോ കിടന്നിരുന്നു. ഈ ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങുകയായിരുന്ന ഒരാളെ വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓട്ടോയിൽ ഗ്ലാസും മദ്യക്കുപ്പിയുമുണ്ടായിരുന്നു. ഇരുവരും ഓട്ടോയിൽ മദ്യപിച്ച് കിടക്കുന്നതിനിടയിൽ ബൈക്കിലെത്തിയ സംഘം ശ്രീകാന്തിനെ വെട്ടി കടന്നുകളയുകയായിരുന്നുവെന്നാണ് കരുതുന്നത്.
വണ്ടിയിൽ രക്തമുണ്ടായിരുന്നു. വണ്ടിയിൽവെച്ച് വെട്ടേറ്റ ശ്രീകാന്ത് പ്രാണരക്ഷാർഥം ഓടി റോഡിന്റെ മറുഭാഗത്തെത്തി വീഴുകയായിരുന്നുവെന്നാണ് നിഗമനം. ഈ വണ്ടി സ്ഥിരമായി ശ്രീകാന്ത് ഇവിടെയായിരുന്നു നിർത്തിയിടാറെന്നാണ് നാട്ടുകാർ പറയുന്നത്. കൊലപാതകം നടന്നിട്ടും സമീപത്തുണ്ടായിരുന്ന ആൾ അറിഞ്ഞില്ലെന്നത് നാട്ടുകാരെ അത്ഭുതപ്പെടുത്തി. ശ്രീകാന്തിന്റെ കാർ കഴിഞ്ഞദിവസം ഇതേ സ്ഥലത്തുവെച്ച് അജ്ഞാതർ കത്തിച്ചിരുന്നു.
ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരുകയാണ്. കാർ കത്തിച്ചതും കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. എട്ടുവർഷം മുമ്പ് എലത്തൂർ പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ ശ്രീകാന്ത് പ്രതിയായിരുന്നു. കേസിൽ ശ്രീകാന്തിനെ വെറുതെവിടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ കൊലപാതകമെന്നും പൊലീസ് പരിശോധിച്ചുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.