വടകരയിലെ വ്യാപാരിയുടെ കൊലപാതകം: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsവടകര: നഗരഹൃദയത്തിൽ കടക്കുള്ളിൽ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ.എസ്. മുഹമ്മദ് ഷെഫീക്കിനെയാണ് (22) വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പൊലീസിന്റെ അപേക്ഷയിൽ വിശദമായി ചോദ്യം ചെയ്യാനായി അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
പ്രതിയെ 14 ദിവസം റിമാൻഡ് ചെയ്തതിനു പിന്നാലെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു.
പൊലീസിന് പ്രതിയെ വിട്ടുനൽകാൻ കോടതി ഉത്തരവിട്ടെങ്കിലും പ്രതിയുടെ ഷോൾഡറിനും മറ്റും പരിക്കുകൾ ഉള്ളതിനാൽ വിദഗ്ധ ഡോക്ടറുടെ വൈദ്യപരിശോധനക്കുശേഷം വീണ്ടും മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
വടകര സഹകരണ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയമാക്കി കോടതിയിൽ പ്രതിയെ വിണ്ടും ഹാജരാക്കി. ബുധനാഴ്ച പ്രതിയെ കൊല നടത്തിയ കടയിലും കൃത്യത്തിനു മുമ്പ് താമസിച്ച താഴെ അങ്ങാടിയിലെ താമസസ്ഥലത്തും തെളിവെടുപ്പിനായി എത്തിക്കും. വൈകീട്ട് നാലരയോടെയാണ് പ്രതിയെ വൻ പൊലീസ് സന്നാഹത്തോടെ കോടതിയിൽ എത്തിച്ചത്. പ്രതിക്കുവേണ്ടി അഭിഭാഷകരുടെ വൻ നിരതന്നെ ഉണ്ടായിരുന്നു. പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. ജെ.എസ്. രാജേഷ്ബാബുവിന്റെ വാദം അംഗീകരിച്ചാണ് പ്രതിയെ വീണ്ടും വൈദ്യപരിശോധനക്ക് ഹാജരാക്കേണ്ടിവന്നത്. പ്രതിയുടെ ജന്മനാടായ തൃശൂരിലും മൊബൈൽ ഫോൺ ഉപേക്ഷിച്ച കുറ്റിപ്പുറത്തെ ബാറിലും മോഷണം നടത്തിയ ഇരുചക്രവാഹനം ഉപേക്ഷിച്ച സ്ഥലത്തും സ്വർണാഭരണങ്ങൾ വിറ്റഴിച്ച കടയിലും അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ഇക്കഴിഞ്ഞ ഡിസംബർ 24ന് രാത്രിയാണ് നഗരത്തിലെ വ്യാപാരിയായ ഇ.എ ട്രേഡേഴ്സ് പലചരക്ക് കട വ്യാപാരി പുതിയാപ്പിലെ വലിയപറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62)കടക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സൗഹൃദം സ്ഥാപിച്ചത് ഗ്രിൻഡർ ആപ് മുഖേന
വടകര: നഗരത്തിൽ കൊല ചെയ്ത വ്യാപാരിയെ പ്രതി സൗഹൃദ വലയത്തിലാക്കിയത് കാലിഫോർണിയ ആസ്ഥാനമായുള്ള ഗ്രിൻഡർ ആപ് മുഖേന പരിചയപ്പെട്ട്.
ഇത്തരം ആപ്പുകളിൽ നിരവധി പുരുഷന്മാർ സൗഹൃദ കൂട്ടായ്മകൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതുവഴിയാണ് വടകരയിൽ കടയിൽ കൊല്ലപ്പെട്ട വ്യാപാരിയായ ഇ.എ ട്രേഡേഴ്സ് പലചരക്ക് കട വ്യാപാരി പുതിയാപ്പിലെ വലിയ പറമ്പത്ത് ഗൃഹലക്ഷ്മിയിൽ രാജനെ (62) പ്രതി പരിചയപ്പെട്ടത്.
ഒന്നിൽ കൂടുതൽ ഭാഷകൾ കൈകാര്യം ചെയ്യുന്ന പ്രതിക്ക് കർണാടകയിൽ അടക്കം വൻ സുഹൃദ് വലയങ്ങളുണ്ട്. കർണാടകയിൽ നിന്നുള്ളവരാണ് പ്രതിക്കുവേണ്ടി അഭിഭാഷകനെയടക്കം ഒരുക്കിയത്. കൊലക്കുശേഷം രാജന്റെ ബൈക്കുമായി കടന്ന പ്രതി കുറ്റിപ്പുറത്തിനും എടപ്പാളിനും ഇടയിൽ റോഡപകടത്തിൽപെട്ട് പരിക്കേറ്റിരുന്നു.
പിന്നീട് ഒരു കൈ ഉപയോഗിച്ച് ബൈക്ക് ഓടിച്ചാണ് തൃശൂരിൽ എത്തിയത്. കുറ്റിപ്പുറത്ത് ബാറിൽ കയറി മദ്യപിച്ചശേഷം പ്രതിയുടെ മൊബൈൽ ഫോൺ ബാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിന്നീടുള്ള യാത്രയിലാണ് അപകടത്തിൽപെട്ടത്. അപകടവിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പ്രതി വ്യക്തമാക്കിയിരുന്നില്ല. ഇന്നലെ കോടതിയിൽ പ്രതിയെ ഹാജരാക്കിയപ്പോൾ പ്രതിഭാഗം അഭിഭാഷകനാണ് വാദത്തിനിടയിൽ പ്രതിയുടെ ഷോൾഡറിനും നെഞ്ചിനു താഴെയുമായി പരിക്കുള്ള വിവരം കോടതിയെ ധരിപ്പിച്ചത്. ഇതേത്തുടർന്നാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകുന്നതോടൊപ്പം പ്രതിയെ വിദഗ്ധ ചികിത്സക്ക് വിധേയമാക്കി വീണ്ടും മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.