മുസ്ലിം ലീഗ് ജില്ല കമ്മിറ്റി: ചരടുവലികൾ സജീവം
text_fieldsകോഴിക്കോട്: മുസ്ലിംലീഗ് ജില്ല കമ്മിറ്റി പിടിക്കാൻ അണിയറയിൽ ചരടുവലികൾ സജീവം. മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പുകൾ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ ജില്ല കമ്മിറ്റിയിൽ സ്ഥാനമുറപ്പിക്കാൻ വിവിധ നേതാക്കളുമായി അടുപ്പമുള്ളവർ പാർട്ടി ഘടകങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചാരണം തുടങ്ങിയിട്ടുണ്ട്.
ഉമ്മർ പാണ്ടികശാല പ്രസിഡന്റും എം.എ. റസാഖ് മാസ്റ്റർ ജന. സെക്രട്ടറിയുമായ നിലവിലെ കമ്മിറ്റി തുടരാനുള്ള സാധ്യത കുറവാണ്. ഉമ്മർ പാണ്ടികശാല സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് പോവുകയാണെങ്കിൽ ജന. സെക്രട്ടറി റസാഖ് മാസ്റ്റർ പ്രസിഡന്റാകണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
നിലവിലെ ട്രഷറർ പാറക്കൽ അബ്ദുല്ലക്കു വേണ്ടിയും ചരടുവലികളുണ്ട്. അതിനിടെ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജിയെ വീണ്ടും നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവരും സജീവമാണ്. ടി.ടി. ഇസ്മായിൽ, എസ്.പി. കുഞ്ഞമ്മദ്, സൂപ്പി നരിക്കാട്ടേരി എന്നിവരാണ് ജന. സെക്രട്ടറി സ്ഥാനം താൽപര്യപ്പെടുന്നത്. വി.എം. ഉമ്മർ മാസ്റ്റർക്കും ജില്ല ഭാരവാഹിത്വത്തിലേക്ക് കണ്ണുണ്ട്.
ഈമാസം 26നാണ് ലീഗ് ജില്ല സമ്മേളനം. 28ന് കൗൺസിൽ യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. സമവായത്തിനുള്ള സാധ്യത വിദൂരമായതിനാൽ തെരഞ്ഞെടുപ്പിലൂടെ തന്നെയാകും വിധിയെഴുത്ത്.
മണ്ഡലം കമ്മിറ്റികളെല്ലാം തെരഞ്ഞെടുപ്പുകളിലൂടെയാണ് കടന്നുപോകുന്നത്. ബേപ്പൂർ മണ്ഡലം തെരഞ്ഞെടുപ്പിൽ ജില്ല പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പക്ഷത്തിന് കനത്ത ആഘാതമുണ്ടാക്കി മായിൻ ഹാജി പക്ഷമാണ് കമ്മിറ്റി കൈയടക്കിയത്. മായിൻ ഹാജിയുടെ സഹോദരൻ കുഞ്ഞാമുട്ടിയാണ് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.
കൊടുവള്ളിയിൽ വി.എം. ഉമ്മർ മാസ്റ്റർ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് നിലവിലെ ജില്ല ജന. സെക്രട്ടറി റസാഖ് മാസ്റ്റർ പക്ഷത്തിന് പ്രഹരമായി. കുന്ദമംഗലം മണ്ഡലത്തിൽ മൂസ മൗലവി വീണ്ടും പ്രസിഡന്റായി. തിരുവമ്പാടിയിൽ വി.കെ. ഖാസിം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് സി.പി. ചെറിയ മുഹമ്മദ് പക്ഷത്തിന് തിരിച്ചടിയായി.
ബാലുശ്ശേരിയിൽ സാജിദ് കോറോത്താണ് പ്രസിഡന്റ്. പേരാമ്പ്രയിൽ ആർ.കെ. മുനീറും നാദാപുരത്ത് സൂപ്പി നരിക്കാട്ടീരിയും വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വടകര, കൊയിലാണ്ടി, കുറ്റ്യാടി, കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
ഒരാൾക്ക് ഒരു പദവി എന്ന വ്യവസ്ഥ കർശനമായി പാലിക്കുന്നതിനാൽ നിലവിൽ മണ്ഡലം ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർ ജില്ല കമ്മിറ്റിയിലേക്ക് മത്സരിക്കണമെങ്കിൽ സ്ഥാനം രാജിവെക്കേണ്ടിവരും. അങ്ങനെയാകുമ്പോൾ മണ്ഡലം കമ്മിറ്റികളിലെ വിഭാഗീയത കൂടുതൽ ശക്തമാകുമെന്ന ആശങ്കയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.