നാദാപുരത്തും പേരാമ്പ്രയിലും ലീഗ് മത്സരിക്കാന്‍ സാധ്യത
text_fieldsവടകര: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പതിവുകക്ഷികള് മാറുമെന്ന് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി യു.ഡി.എഫ് വിട്ടുപോയ കക്ഷികളുടെ സീറ്റുകളിലാണ് നേതൃത്വത്തിെൻറ കണ്ണ്. കേരള കോണ്‍ഗ്രസ്-എം, എല്‍.ജെ.ഡി എന്നീ കക്ഷികള്‍ ഇടതിെൻറ ഭാഗമായ സാഹചര്യത്തില്‍ ജില്ലയില്‍ നാദാപുരം, പേരാമ്പ്ര സീറ്റുകള്‍ കൂടി സ്വന്തമാക്കാനാണ് മുസ്ലിംലീഗിെൻറ നീക്കം.
ഇരു മണ്ഡലങ്ങളിലും പാര്‍ട്ടിയുടെ സാധ്യതയെക്കുറിച്ച് അറിയിക്കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതനുസരിച്ച് പേരാമ്പ്രയിലെ നേതൃത്വം 'സ്റ്റാർവാർ' സൃഷ്ടിക്കുന്ന തരത്തിലുള്ള നേതാക്കളെ ഇറക്കാന്‍ കഴിഞ്ഞാല്‍ സാധ്യത ഏറെയുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കാലങ്ങളില്‍ നാദാപുരത്ത് കോണ്‍ഗ്രസും പേരാമ്പ്രയില്‍ കേരള കോണ്‍ഗ്രസ്-എമ്മുമാണ് മത്സരിച്ചത്. കഴിഞ്ഞ രണ്ടു തവണയായി എല്‍.ജെ.ഡി മത്സരിച്ച വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിര്‍ത്തുമെന്ന് നേതാക്കള്‍ തന്നെ, യു.ഡി.എഫ് യോഗത്തിലും മറ്റും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിെൻറ പുതിയ നീക്കം. സീറ്റ് സംബന്ധിച്ച് മുന്നണിക്കകത്ത് തീരുമാനമായിട്ടില്ലെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ വടകരയിലുള്‍പ്പെടെ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പറയുന്നുണ്ട്. ഈ അവസ്ഥയിലാണ് ഏറെ വേരോട്ടമുള്ള നാദാപുരമുള്പ്പെടെ സ്വന്തമാക്കാന്‍ മുസ്ലിം ലീഗ് ആലോചിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവുമ്പോള്‍ ഉണ്ടാവാനിടയുള്ള ഗ്രൂപ്പുതര്ക്കങ്ങളൊന്നും ലീഗിെൻറ കൈകളിലെത്തുമ്പോള്‍ ഉണ്ടാവില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യംവെച്ച് സംസ്ഥാന നേതാക്കളെതന്നെ കളത്തിലിറക്കുമെന്നാണ് അറിയുന്നത്.
പേരാമ്പ്രയില്‍ കുറെക്കാലമായി യു.ഡി.എഫിെൻറ ഭാഗമായി കേരള കോണ്‍ഗ്രസ്-എം പ്രതിനിധിയാണ് മത്സരിക്കുന്നത്. രണ്ടു തവണയായി കേരള കോണ്‍ഗ്രസിലെ അഡ്വ. മുഹമ്മദ് ഇഖ്ബാലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇത്തവണ ഇടതിെൻറ ഭാഗമായ സാഹചര്യത്തില്‍ സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിന് ഉറപ്പില്ല. മന്ത്രി ടി.പി. രാമകൃഷ്ണനാണ് പേരാമ്പ്രയെ പ്രതിനിധാനം ചെയ്യുന്നത്. വീണ്ടും ടി.പി. രാമകൃഷ്ണന് തന്നെ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.