സോഫ്റ്റ് വെയർ നവീകരണം: അപകടത്തിൽപെട്ട വാഹനങ്ങൾ തിരിച്ചുകിട്ടാതെ ഉടമകൾ
text_fieldsകോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ് വെയർ താളംതെറ്റിയതോടെ അപകടത്തിൽപെട്ട വാഹനങ്ങൾ പൊലീസ് സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്നു. നവീകരണത്തിന്റെ ഭാഗമായി രണ്ടോ മൂന്നോ ദിവസത്തേക്ക് പ്രവർത്തനരഹിതമാകുമെന്ന് അറിയിച്ച് നിർത്തലാക്കിയ സോഫ്റ്റ് വെയർ ഒരാഴ്ചയായിട്ടും പുനഃസ്ഥാപിച്ചില്ലെന്നാണ് ആക്ഷേപം. അപകടത്തിൽപെടുന്ന വാഹനങ്ങൾ പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയാണ് പതിവ്. അപകടവിവരങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഐ -റാഡ് സോഫ്റ്റ് വെയറിലൂടെ അപ് ലോഡ് ചെയ്യുകയാണ് പതിവ്. അപേക്ഷപ്രകാരം അതത് പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട എം.വി.ഐ, എ.എം.വി.ഐ ഉദ്യോഗസ്ഥരെത്തി വാഹനം പരിശോധിച്ച് റിപ്പോർട്ട് തയാറാക്കി വാഹനം ഉടമകൾക്ക് വിട്ടുനൽകുകയാണ് പതിവ്. എന്നാൽ, സോഫ്റ്റ് വെയർ തകരാറിലായതോടെ നൂറുകണക്കിന് വാഹനങ്ങളാണ് സംസ്ഥാനത്തെ സ്റ്റേഷൻ പരിസരങ്ങളിൽ കിടക്കുന്നത്.
വാഹനം പരിശോധിച്ച് വിട്ടുകിട്ടാത്തതിനാൽ അറ്റകുറ്റപ്പണികൾ നടത്താൻ ഉടമകൾക്ക് കഴിയുന്നില്ല. പൊതുവാഹനങ്ങൾ നിർത്തിയിടേണ്ടിവരുന്നതിനാൽ ഉടമകൾക്ക് കനത്ത നഷ്ടവും സംഭവിക്കുകയാണ്. തകരാർ തീർത്ത് എന്ന് പുനഃസ്ഥാപിക്കുമെന്ന് പറയാൻ അധികൃതർക്ക് കഴിയാത്ത അവസ്ഥയുമാണ്. മാറ്റങ്ങൾ വരുത്താനുള്ള സ്വാഭാവിക കാലതാമസമാണ് എടുക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. താൽക്കാലിക പകരം സംവിധാനം ഏർപ്പെടുത്തിയെങ്കിലും വാഹനങ്ങൾ നശിക്കുന്നത് ഒഴിവാക്കണമെന്നാണ് ഉടമകൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.