നാദാപുരം ഗ്രാമപഞ്ചായത്ത്: പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യൽ: നിയമാവലി അംഗീകരിച്ചു
text_fieldsനാദാപുരം: കേന്ദ്ര സർക്കാറിന്റെ 2016ലെ ചട്ടത്തിന്റെയും 1994ലെ കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെയും അടിസ്ഥാനത്തിൽ നാദാപുരം ഗ്രാമപഞ്ചായത്ത് ജൂൺ 25ന് തയാറാക്കിയ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻറ് ബൈലോ, പഞ്ചായത്ത് ഡയറക്ടർ അംഗീകരിച്ച് ഉത്തരവായി.
ഇതുപ്രകാരം ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വിപണനം, സൂക്ഷിപ്പ്, വിൽപന എന്നിവ പൂർണമായി നിരോധിച്ചു. കൂടാതെ പുനരുപയോഗ സാധ്യമല്ലാത്ത പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനക്ക് കൈമാറാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
പൊതുപരിപാടികൾ, കല്യാണം, മറ്റു കൂടിച്ചേരൽ എന്നിവയിൽ ഹരിതചട്ടം പൂർണമായി പാലിക്കേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കാരി ബാഗുകൾ/കവറുകൾ വിൽക്കുന്നതല്ല എന്ന ബോർഡ് എഴുതി പ്രദർശിപ്പിക്കണം.
നിലവിൽ അനുവദനീയമായ കവറുകൾക്ക് പുറത്ത് അംഗീകാരപത്രം ഡിജിറ്റലായി ഉള്ളടക്കം ചെയ്തിരിക്കണം. നിയമവിരുദ്ധമായി പ്ലാസ്റ്റിക് ഉപയോഗിക്കുകയോ കത്തിക്കുകയോ വലിച്ചെറിയുകയോ അലക്ഷ്യമായി കൈ ഒഴിയുകയോ ചെയ്താൽ ആദ്യത്തെ തവണ നിയമം ലംഘിക്കുന്നവർക്ക് 10,000 രൂപയും രണ്ടാമത്തെ തവണ 25,000 രൂപയും തുടർന്നുള്ള ലംഘനത്തിന് 50,000 രൂപയും പിഴ ചുമത്തും.
പിഴ പഞ്ചായത്തിന് ലഭിക്കേണ്ട നികുതി ഈടാക്കുന്നതുപോലെ ഈടാക്കുന്നതാണ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനങ്ങളും നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപേക്ഷിച്ച് പഞ്ചായത്തുമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, സെക്രട്ടറി ടി. ഷാഹുൽ ഹമീദ് എന്നിവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.