കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പിനെത്തുന്നവരുടെ എണ്ണം കൂടുന്നു; അസൗകര്യങ്ങളിൽ വലഞ്ഞ് നാദാപുരം താലൂക്കാശുപത്രി
text_fieldsനാദാപുരം: കുഞ്ഞുങ്ങൾക്ക് കുത്തിവെപ്പെടുക്കാനെത്തുന്നവരുടെ എണ്ണത്തിൽ വൻ വർധന. ബുധനാഴ്ചകളിൽ താലൂക്ക് ആശുപത്രിയിൽ നൽകിവരുന്ന മൂന്നു മാസം മുതൽ അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്ക് നൽകിവരുന്ന പ്രതിരോധ കുത്തിവെപ്പിനെത്തുന്നവരുടെ എണ്ണത്തിലാണ് വർധനവുണ്ടായിരിക്കുന്നത്. നേരത്തെ 25 മുതൽ 30 വരെ ആളുകൾ കുത്തിവെപ്പിനെത്തിയിരുന്ന ആശുപത്രിയിൽ നിലവിൽ 150തിന് മുകളിലേക്ക് ആളുകൾ എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇത്രയും ആളുകളെ ഉൾക്കൊള്ളാനുള്ള സ്ഥലസംവിധാനം ആശുപത്രിയിലെ കുത്തിവെപ്പ് കേന്ദ്രത്തിലില്ല. സ്ഥലപരിമിതിയെ ചൊല്ലി ഉദ്യോഗസ്ഥരും കുത്തിവെപ്പിനെത്തുന്ന രക്ഷിതാക്കളും തമ്മിൽ വാക്കേറ്റവും ബഹളവും വർധിക്കുകയാണ്. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപത്തെ പഴയ ഒ.പി മുറികളാണ് കുത്തിവെപ്പ് നൽകാൻ ഉപയോഗിക്കുന്നത്. എന്നാൽ, ഇവിടം അസൗകര്യം നിറഞ്ഞതായതിനാൽ കൈക്കുഞ്ഞുങ്ങളെയുംകൊണ്ട് എത്തുന്ന രക്ഷിതാക്കൾക്ക് ഇരിക്കാനോ വിശ്രമിക്കാനോ കഴിയാതെ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്.
തിരക്ക് വർധിച്ചതിനെ തുടർന്ന്, നേരത്തെ ഐ.സി യൂനിറ്റായി പ്രവർത്തിച്ചിരുന്ന ഭാഗം കൂടി കുത്തിവെപ്പിനായി മാറ്റിയെങ്കിലും പര്യാപ്തമായിട്ടില്ല. ഒരാൾക്ക് കുത്തിവെപ്പിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ചുരുങ്ങിയത് 15 മിനിറ്റെങ്കിലും അത്യാവശ്യമാണ്. എന്നാൽ, കൈക്കുഞ്ഞുങ്ങളുമായെത്തുന്നവർക്ക് ഇരിക്കാൻ പോലും സൗകര്യമില്ലാതെ ഏറെനേരം പ്രയാസപ്പെടുകയാണ്. തിരക്ക് വർധിച്ചതിനെ തുടർന്ന്, ഇവിടെ പ്രവർത്തിച്ചിരുന്ന ഇ.സി.ജി യൂനിറ്റിന്റെ പ്രവർത്തനം ഇന്നലെ താൽക്കാലികമായി കാഷ്വാലിറ്റിക്ക് സമീപത്തേക്ക് മാറ്റുകയായിരുന്നു. അണുവിമുക്തമായ പരിസരം പ്രതിരോധ കുത്തിവെപ്പിന് അത്യാവശ്യമാണെന്നിരിക്കെ പരിമിതമായ സ്ഥലത്തുവെച്ചുള്ള കുത്തിവെപ്പ് അപകടങ്ങൾക്ക് ഇടവരുത്തുമെന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്. പരമാവധി സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മറ്റു കുത്തിവെപ്പ് കേന്ദ്രങ്ങൾ ഉപയോഗിക്കാൻ കഴിയുന്നവർ പോലും താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പിനായി ആശ്രയിക്കുന്നത് തിരക്കുകൂട്ടുന്നതായുമാണ് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.