ആഫ്രിക്കൻ ഒച്ച് ഒഴിയാബാധ; കണ്ണീരോടെ കർഷകർ
text_fieldsനാദാപുരം: ആഫ്രിക്കൻ ഒച്ചിെൻറ പിടിയിൽ നിന്ന് മോചനം ലഭിക്കാതെ കണ്ണീരോടെ കർഷകർ. തൂണേരി ഗ്രാമ പഞ്ചായത്തിലെ മുടവന്തേരി, പേരോട്, പട്ടാണിക്കിണർ, ചെക്കായിമുക്ക് നിവാസികളാണ് ആഫ്രിക്കൻ ഒച്ച് ഭീതിയിൽ കൃഷിയിറക്കാനാവാതെ ബുദ്ധിമുട്ടുന്നത്.
കാലവർഷമാവുന്നതോടെ വീടുകളുടെ അകത്ത് വരെ ഇഴഞ്ഞെത്തുന്ന ഒച്ചിനെ തുരത്താൻ വഴിയില്ലാതെ ദുരിതത്തിലാണ് പ്രദേശവാസികൾ.
കൃഷിയിടത്തിൽ എത്തി പച്ചക്കറിച്ചെടികളിലെ ഇലകളും, കായ്കളും തിന്നു നശിപ്പിക്കുന്നതിനൊപ്പം ഒച്ചിെൻറ തോടുകൾ, സ്രവം, വിസർജ്യം തുടങ്ങിയവയും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് വീട്ടമ്മമാരടക്കമുള്ളവർ പറയുന്നു.
പരിസ്ഥിതി പ്രശ്നങ്ങളും, കർഷകർക്ക് വൻ സാമ്പത്തിക നഷ്ടവുമാണ് ഒച്ചുകളിൽ നിന്നുണ്ടാവുന്നത്. ആഫ്രിക്കൻ ഒച്ചുകൾ വരുത്തിവെക്കുന്ന വിനകൾ നിരവധിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതുവരെയും ഒച്ചിനെ പൂർണമായി നശിപ്പിക്കാനുള്ള മാർഗം കണ്ടെത്താൻ സാധിക്കാത്തത് കർഷകരുടെയും, വീട്ടമ്മമാരുടെയും ഉറക്കം കെടുത്തുകയാണ്.
മാസങ്ങൾ കൊണ്ട് വളർച്ച പ്രാപിക്കുന്ന ഒച്ചുകൾ ആ യിരത്തിലധികം മുട്ടയിടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.ആഫ്രിക്കൻ ഒച്ചുകൾ മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന വൈറസിെൻറ വാഹകരാണെന്ന് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചിരുന്നു.
വൈറസ് വാഹകരായ ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവം മനുഷ്യ ശരീരത്തിൽ എത്തിയാൽ മസ്തിഷ്ക ജ്വരത്തിനു കാരണമാകുമെന്നായിരുന്നു കണ്ടെത്തൽ. ഒച്ചിനെ അബദ്ധത്തിൽ തൊട്ടാൽ പോലും കൈ കഴുകണമെന്ന് ആരോഗ്യ പ്രവർത്തകർ പ്രദേശവാസികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ തോടിനുള്ളിൽ കഴിയാൻ സാധിക്കുന്ന ഇവയുടെ ശല്യമൊഴിവാക്കാൻ കല്ലുപ്പം, ഉപ്പുവെള്ളവും തളിക്കുക എന്നത് മാത്രമാണ് താൽക്കാലിക പോംവഴി. രാവിലെയും, സന്ധ്യാസമയങ്ങളിലുമാണ് വ്യാപകമായി ഇവ പുറത്തിറങ്ങുന്നത്.
പറമ്പിലെ മരങ്ങൾ, വാഴകൾ, ചെടികൾ, മതിലുകൾ എന്നിവിടങ്ങളിൽ കഴിയുന്ന ഇവയെ പൂർണമായി നശിപ്പിക്കാൻ ആവാത്തതിനാൽ വീണ്ടും പെരുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.