കോവിഡ് സർട്ടിഫിക്കറ്റിന്റെ പേരിൽ യാത്ര തടയുന്നതായി ആക്ഷേപം
text_fieldsനാദാപുരം: എയർപോർട്ടിൽ കോവിഡ് സർട്ടിഫിക്കറ്റിന്റെ പേരിൽ യാത്ര തടയുന്നതായി ആക്ഷേപം. അധിക തുക ഈടാക്കി ഇടനിലക്കാർവഴി എയർപോർട്ടിൽനിന്ന് സർട്ടിഫിക്കറ്റും നിർമിച്ചുനൽകുന്നു. കണ്ണൂർ എയർപോർട്ടിലാണ് വിചിത്രമായ നടപടി.
ശനിയാഴ്ച രാവിലെയാണ് നാദാപുരം ചാലപ്പുറത്തെ സുമയ്യ , 15, 13, 8 വയസ്സുള്ള മൂന്നു കുട്ടികളുമായി കണ്ണൂർ എയർപോർട്ടിൽനിന്നും രാവിലെ യു.എ.ഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കെത്തിയത്.
ചെക്കിങ് നടപടികൾ പൂർത്തിയാക്കുന്നതിനിടെ മൂത്ത രണ്ട് കുട്ടികളെ കോവിഡ് സർട്ടിഫിക്കറ്റിന്റെ പേരിൽ തടയുകയും യാത്രാനുമതി നിഷേധിക്കുകയുമായിരുന്നു. ഇതിനിടയിൽ കൗണ്ടറിനുള്ളിലെ ആൾ ഇവിടെയുള്ള ഒരു ട്രാവൽ ഏജന്റിനെ പരിചയപ്പെടുത്തുകയും ഇടനിലക്കാരനായി എത്തിയ ഇയാൾ ഒരു കുട്ടിക്ക് 3000 രൂപ നൽകിയാൽ കോവിഡ് സർട്ടിഫിക്കറ്റ് നൽകാമെന്നേറ്റു. ഒടുവിൽ യുവതി 6000 രൂപ നൽകി സർട്ടിഫിക്കറ്റ് തരപ്പെടുത്തി. കോഴിക്കോട്ടെ ഒരു ലാബിന്റെ പേരിലുള്ള കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റാണ് ഇയാൾ നൽകിയത്.
എന്നാൽ, സർട്ടിഫിക്കറ്റിനായി കുട്ടികളെ ഒരു ടെസ്റ്റിനും വിധേയമാക്കിയിട്ടില്ലെന്ന് യുവതിയും ബന്ധുക്കളും പരാതിപ്പെട്ടു. ഇത്തരത്തിൽ കുടുംബസമേതം യാത്ര ചെയ്യുന്ന നിരവധി പേരെ എയർപോർട്ടിൽ വെച്ച് കോവിഡ് ടെസ്റ്റിന്റെ പേരിൽ പീഡിപ്പിക്കുന്നതായാണ് വിവരം. അവസാനനിമിഷം യാത്ര മുടങ്ങുമെന്ന ഭയത്താൽ പലരും ഇവരുടെ ചൂഷണത്തിന് വഴങ്ങുകയാണ് പതിവ്. 18 വയസ്സിന് താഴെയുള്ളവർക്ക് യാത്രക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ടെന്നാണ് നിയമമെങ്കിലും കണ്ണൂരിൽ അധികൃതർ ഇത് കാറ്റിൽ പറത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.