ജല അതോറിറ്റി വെട്ടിയ കുഴിയിൽ ഓട്ടോമറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
text_fieldsനാദാപുരം: നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിൽ പൊലീസ് ബാരക്സിന് സമീപം ഓട്ടോറിക്ഷ ജല അതോറിറ്റിയുടെ കുഴിയിലേക്ക് മറിഞ്ഞ് യാത്രക്കാരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്. കല്ലാച്ചി കുമ്മങ്കോട് സ്വദേശി രയരോത്ത് താഴ പ്രവീൺ (49), ഭാര്യ സ്വകാര്യ ആശുപത്രിയിലെ നഴ്സായ ലളിത (42) എന്നിവർക്കാണ് പരിക്കേറ്റത്.
ലളിതയുടെ ഇടതു കൈയുടെ എല്ല് പൊട്ടുകയും പ്രവീണിന്റെ കാൽമുട്ടിന് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. തൂണേരിയിൽനിന്ന് നാദാപുരം ഭാഗത്തേക്ക് വരുന്നതിനിടയിൽ ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ റോഡിന് നടുവിലെ കുഴിയിൽ വീഴുകയും ഓട്ടോ മറിയുകയുമായിരുന്നു. ഓട്ടോക്കുള്ളിൽ അകപ്പെട്ട ഇരുവരെയും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ബാരക്ക് പരിസരത്ത് ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിൽ റോഡിന് നടുവിലായി കുഴിയെടുത്തത്. ഒരു കിലോമീറ്റർ റോഡിന് ഒരു കോടിരൂപ ചെലവിൽ നവീനരീതിയിൽ പൂർത്തികരിച്ച റോഡാണ് ചോർച്ച അടക്കാൻ വെട്ടിപ്പൊളിച്ചത്. പിന്നീട് ആഴ്ചകൾ കഴിഞ്ഞാണ് ഇവിടം കോൺക്രീറ്റ് ചെയ്തത്. ചളിമണ്ണിനു മുകളിൽ ചെയ്ത കോൺക്രീറ്റ് കാരണം ഇവിടം താഴോട്ട് ഗർത്തം രൂപപ്പെട്ട നിലയിലായിരുന്നു. കഴിഞ്ഞ രണ്ടുദിവസം പെയ്ത കനത്ത കോൺക്രീറ്റ് വീണ്ടും ഇളകിമാറി കുഴിയുടെ വലുപ്പം കൂടുകയും അപകടാവസ്ഥ വർധിക്കുകയും ചെയ്തു. എന്നാൽ, ഇവിടെ മുന്നറിയിപ്പ് അടയാളമോ മറ്റോ വെച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.