ബിഹാർ സ്വദേശി കുത്തേറ്റുമരിച്ച കേസിൽ പ്രതി അറസ്റ്റിൽ
text_fieldsനാദാപുരം: വളയത്ത് ബിഹാർ സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിലായി. ബിഹാർ മണിഹാവി നവഗഞ്ച് സ്വദേശി ബെച്ചൻ റിഷി (21) നെയാണ് വളയം എസ്.ഐ അനീഷ് വടക്കേടത്ത് അറസ്റ്റ്ചെയ്തത്.
ബുധനാഴ്ച രാത്രി 10ഓടെയാണ് ബിഹാർ സ്വദേശി മാലിക് (44) വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ബെച്ചൻ റിഷിയുടെ കുത്തേറ്റ് മരിച്ചത്. വളയം -കല്ലാച്ചി റോഡ് പ്രവൃത്തിക്കായി കാസർകോട് സ്വദേശിയായ കരാറുകാരന്റെ കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഇരുവരും. റോഡ് പ്രവൃത്തിക്കിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നീട് താമസസ്ഥലത്തെത്തിയ ഇരുവരും ഒരുമിച്ച് മദ്യപിച്ചതായും ഇതിനുശേഷം ഉറങ്ങുകയായിരുന്ന മാലിക്കിനെ പച്ചക്കറി മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ഇടതുനെഞ്ചിൽ കുത്തുകയായിരുന്നെന്നുമാണ് കൂടെ ഉണ്ടായിരുന്ന തൊഴിലാളികൾ പൊലീസിന് മൊഴിനൽകിയത്.
കൃത്യത്തിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാലിക് സംഭവസ്ഥലത്തുതന്നെ മരിച്ചു. വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇൻക്വസ്റ്റിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി.
കൊലപാതകം നടന്ന സ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വളയം ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇടതുനെഞ്ചിലെ ആഴത്തിലുള്ള മുറിവും രക്തം വാർന്നതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊലനടന്ന മുറിയിൽ രക്തം തളംകെട്ടിക്കിടക്കുന്ന നിലയിലാണ്. അഞ്ചുമാസത്തിലേറെയായി ഒരുമിച്ച് വാടകയ്ക്ക് താമസിക്കുന്ന ഇവർ പെരുന്നാളിന് നാട്ടിൽ പോയി ഈ മാസമാണ് തിരിച്ചെത്തിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.