നാദാപുരത്ത് വീടിനു നേരെ ബോംബേറ്; പൊലീസ് ഉദാസീനതയിൽ പ്രതിഷേധം
text_fieldsനാദാപുരം: വാണിമേൽ കോടിയൂറയിൽ വീടിനു നേരെ ബോംബേറ്. പുത്തലത്ത് അലിയുടെ വീടിനുനേരെയാണ് ചൊവ്വാഴ്ച രാത്രി പത്തരയോടെ അജ്ഞാതർ ബോംബ് എറിഞ്ഞത്. വളയം പൊലീസും പയ്യോളിയിൽ നിന്നുള്ള ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.നാദാപുരം മേഖലയിൽ അടിക്കടി ബോംബ് സ്ഫോടനവും തീവെപ്പും അരങ്ങേറുമ്പോഴും ഒരു കേസിൽ പോലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.പൊലീസിെൻറ ഉദാസീനതയിൽ മേഖലയിൽ പ്രതിഷേധം വ്യാപകമാണ്. ക്രമസമാധാനപാലനത്തിന് മാത്രം സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് നാദാപുരത്താണ്. പതിനാറോളം കൺട്രോൾ റൂം വാഹനങ്ങളാണ് നാദാപുരത്തുള്ളത്.
ഓരോ വാഹനത്തിനും ഒരു എസ്.ഐയും മൂന്നിലധികം പൊലീസുകാരുമുണ്ട്. ഏറ്റവും ഒടുവിലായി കഴിഞ്ഞാഴ്ച നാദാപുരം പഞ്ചായത്തിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ആവോലത്തുനിന്ന് എട്ട് സ്റ്റീൽ ബോംബും കണ്ടെടുക്കുകയുണ്ടായി. രണ്ട് വർഷക്കാലത്തിനുള്ളിൽ മേഖലകളിൽ നടന്ന സ്ഫോടനങ്ങളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടെ അടക്കം വാഹനങ്ങൾ തീവെച്ച് നശിപ്പിച്ച സംഭവത്തിലും പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടും പ്രതികളെ പിടികൂടാതെ ഇരുട്ടിൽ തപ്പുകയാണ്.
സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘങ്ങളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ വിവരം ലഭിക്കാറുെണ്ടങ്കിലും തുടർ അന്വേഷണമോ പ്രതികളെ പിടികൂടാനോ കഴിയാത്തത് നാദാപുരം മേഖലയിൽ സ്ഫോടനങ്ങളും, തീവെപ്പും തുടർക്കഥയാകാൻ കാരണമാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ആവോലം അയ്യപ്പക്ഷേത്രത്തിന് സമീപത്തുനിന്ന് ടൈമർ ഘടിപ്പിച്ച ബോംബ് കണ്ടെത്തിയ സംഭവം, ചെക്യാട് അരീക്കരക്കുന്ന് പരിസരം, പയന്തോങ്ങ്, അത്യോറക്കുന്ന്, നരിക്കാട്ടേരിയിലെ കുന്ന് കല്ലാച്ചി ആർ.എസ്.എസ് കാര്യാലയത്തിനു സമീപം എന്നിവിടങ്ങളിൽ നിന്ന് കണ്ടെത്തിയ ബോംബുകൾ സംബന്ധിച്ച അന്വേഷണമെല്ലാം പാതിവഴിയിൽ നിലക്കുകയായിരുന്നു. ഇതിനു പുറമേയാണ് വീടുകൾക്കു നേരെയുണ്ടായ ആക്രമണങ്ങൾ.വാണിമേലിൽമാത്രം തുടർച്ചയായ ദിവസങ്ങളിലുണ്ടായ ബോംബാക്രമണത്തിൽ അന്വേഷണം നടത്താൻ ജയ്സൻ എബ്രഹാമിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു.
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം
വാണിമേൽ: വെള്ളിയോട്ടെ പ്രവാസി പുത്തലത്ത് അലിയുടെ വീടിനുനേരെ ബോംബാക്രമണം നടത്തിയ സാമൂഹികദ്രോഹികളെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജി.സി.സി കെ.എം.സി.സി വാണിമേൽ കമ്മിറ്റി ആവശ്യപ്പെട്ടു.ആക്രമണം നടന്ന വീട് കെ.എം.സി.സി നേതാക്കളായ ഹമീദ് ചെന്നാട്ട്, മജീദ് കുയ്തേരി, എം.പി. ബശീർ, കുഞ്ഞമ്മദ് കുനിയിൽ, വി.കെ. ജാഫർ എന്നിവർ സന്ദർശിച്ചു.
വാണിമേൽ: വെള്ളിയോട് വീടിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് വാണിമേൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വളർന്നുവരുന്ന ക്രിമിനൽ സംഘത്തിന് രാഷ്ട്രീയ പാർട്ടികളുമായോ ലഹരിമാഫിയകളുമായോ ബന്ധമുണ്ടോ എന്ന് പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലത്തീഫ് കുണ്ടിൽ അധ്യക്ഷത വഹിച്ചു. അനസ് നങ്ങാണ്ടി, യു.പി. ജയേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് സെക്രട്ടറി കെ. ബാലകൃഷ്ണെൻറ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.