ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനം; ജിയോളജി വകുപ്പിനെതിരെ നാട്ടുകാർ
text_fieldsനാദാപുരം: ചെക്യാട് വളയം പഞ്ചായത്ത് അതിർത്തി പങ്കിടുന്ന ഇരുന്നിലാട് കുന്നിൽ ചെങ്കൽ ഖനനത്തിന് ജിയോളജി വകുപ്പിന്റെ അനുമതി.
പ്രതിഷേധവുമായി നാട്ടുകാർ വളയം പഞ്ചായത്തിലെ കല്ലുനിര, പൂങ്കുളം, ചമ്പേങ്ങാട് പ്രദേശങ്ങളുടെയും ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പ്, അരൂണ്ട, പൂങ്കുളം എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇരുന്നിലാട്കുന്ന്.
ഇരുപഞ്ചായത്തുകളിലായി അഞ്ഞൂറോളം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. ഓരോ കാലവർഷവും ഒട്ടേറെ തവണ മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണ്. ഈ കുടുംബങ്ങളൊക്കെ അശ്രയിക്കുന്ന പരമ്പരാഗത നീർത്തടങ്ങളും വിവിധ ജലസ്രോതസ്സുകളും ഈ കുന്നിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കുന്നിൽ ജിയോളജി വകുപ്പ് എങ്ങനെയാണ് അനുമതി കൊടുത്തതെന്നത് ദുരൂഹമാണ്.
കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ നേരിടുന്ന മേഖലയിൽ പഠനമോ സന്ദർശനമോ നടത്താതെയാണ് ഉദ്യോഗസ്ഥർ അനുമതി കൊടുത്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം വളയം പൊലീസ് സ്റ്റേഷനിൽ ചേർന്ന ഒത്തുതീർപ്പ് യോഗത്തിൽ 22 ലക്ഷം മുടക്കിയാണ് ഖനനത്തിന് അനുമതി നേടിയതെന്ന് ഖനന കമ്പനിയുടെ ആളുകൾ ആക്ഷൻ കമ്മിറ്റി പ്രവർത്തകരോട് പറഞ്ഞിരുന്നു. ഇത് ഉദ്യോഗസ്ഥതലത്തിൽ നടന്ന അഴിമതിയുടെ ഭാഗമാണെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹി കെ.പി. നാണു പറഞ്ഞു.
ഖനനത്തിന് അനുമതി നൽകിയ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഖനന പ്രവർത്തനങ്ങൾ നടന്നാൽ ഉരുൾപൊട്ടലടക്കം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുമെന്നും അതിനാൽ യാതൊരു ഖനനവും അനുവദിക്കില്ലെന്നും ജിയോളജി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കണമെന്നും വാർഡ് മെംബർ കെ.പി. മോഹൻദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.