നിലംപൊത്താറായി കെട്ടിടങ്ങൾ; ഭീതിയോടെ ജനം
text_fieldsനാദാപുരം: കനത്ത മഴയിൽ കാലപ്പഴക്കമേറിയ കെട്ടിടങ്ങളുടെ തകർച്ച ഭയന്ന് നാട്ടുകാർ. നാദാപുരം കല്ലാച്ചി ടൗണുകളിലെ നിരവധി കെട്ടിടങ്ങളാണ് കാലപ്പഴക്കം മൂലം തകർച്ച ഭീഷണി നേരിടുന്നത്. പഞ്ചായത്ത് പൊളിക്കാൻ നോട്ടീസ് നൽകിയ കെട്ടിടങ്ങൾ ഇതുവരെ പൊളിച്ചുനീക്കിയിട്ടില്ല. നാദാപുരം ടൗണിൽ നൂറ് വർഷത്തിലകം പഴക്കമുള്ള കെട്ടിടത്തിന്റെ ഒരുഭാഗം ശനിയാഴ്ച രാവിലെ പൊളിഞ്ഞു വീണിരുന്നു. ബാക്കി ഭാഗം പൊളിഞ്ഞുവീഴാൻ പാകത്തിൽ നിൽക്കുന്ന കെട്ടിടം മുഴുവൻ പൊളിച്ചുമാറ്റാൻ അധികൃതർ നിർദേശം നൽകിയെങ്കിലും മുകൾ ഭാഗത്തെ മേൽക്കൂര മാത്രം നീക്കി സംരക്ഷിച്ചു നിർത്തിയിരിക്കുകയാണ്. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന് മുന്നിലൂടെയുള്ള യാത്ര നാട്ടുകാരുടെ ജീവന് ഭീഷണിയായിരിക്കുകയാണിപ്പോൾ. കല്ലാച്ചിയിൽ ജീർണാവസ്ഥയിലുള്ള മെയിൻ റോഡിലെ കെട്ടിടത്തിൽ നിന്നും കഴിഞ്ഞ ദിവസം കോൺക്രീറ്റ് പാളികൾ ഒന്നാകെ റോഡിലേക്ക് വീണിരുന്നു. സംഭവസമയത്ത് ആളുകളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
മാർക്കറ്റ് റോഡിൽ ജീർണാവസ്ഥയിലുള്ള ഇരുനില കെട്ടിടം നാട്ടുകാർക്ക് ഭീഷണിയാണ്. ഓട്ടോറിക്ഷാ സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് എന്നിവയെല്ലാം പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിന് സമീപത്താണ്. വളയം റോഡിൽ നിരവധി കെട്ടിടങ്ങളാണ് നിലംപൊത്താറായി നിൽക്കുന്നത്. നേരത്തെ സ്വകാര്യ ക്ലിനിക്കായി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ ഇളകി വീഴാൻ തുടങ്ങിയിട്ട് ഒരുപാട് നാളുകളായി. ഉന്നത രാഷ്ട്രീയ ബന്ധങ്ങളും, വ്യാപാര ബന്ധങ്ങളും വെച്ചു പുലർത്തുന്നവരുടേതാണ് കെട്ടിടങ്ങൾ എന്നതിനാൽ ശക്തമായ നടപടിയെടുക്കാൻ പഞ്ചായത്ത് അധികൃതർ അനാസ്ഥ കാണിക്കുന്നതായ ആരോപണം ശക്തമാണ്. കെട്ടിട നിർമാണച്ചട്ടങ്ങൾ കാറ്റിൽ പറത്തി മിനുക്ക് പണിയിലൂടെ കെട്ടിടങ്ങൾ നിലനിർത്തുകയാണ് ടൗണിലെ പതിവ്. ഇത്തരത്തിൽ നിലനിർത്തിയ നിരവധി കെട്ടിടങ്ങൾ നാദാപുരം, കല്ലാച്ചി ടൗണുകളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.