ക്ഷേത്രോത്സവത്തിനിടെ സംഘർഷം; പൊലീസുകാർക്ക് മർദനം
text_fieldsനാദാപുരം: കല്ലാച്ചിയിൽ ക്ഷേത്രോത്സവത്തിനിടെ സംഘർഷം. പൊലീസ് വാഹനം തകർത്തു. എസ്.ഐ ഉൾപ്പെടെ പൊലീസുകാരെ മർദിച്ച രണ്ടുപേർ അറസ്റ്റിൽ. കല്ലാച്ചി സ്വദേശികളായ മലയിൽ വീട്ടിൽ ഷിജിൽ (31), കണ്ണച്ചാണ്ടി മഹേഷ് (42) എന്നിവരാണ് അറസ്റ്റിലായത്.
കല്ലാച്ചി വലിയപറമ്പത്ത് മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയിൽ തിങ്കളാഴ്ച രാത്രി 11ഓടെയാണ് അക്രമം അരങ്ങേറിയത്. ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് ഉത്സവ കമ്മിറ്റി ഭാരവാഹികളുമായി വാക്കേറ്റവും സംഘർഷവും നടക്കുകയായിരുന്നു.
വിവരമറിഞ്ഞ് സംഘർഷം നിയന്ത്രിക്കാൻ സ്ഥലത്തെത്തിയ നാദാപുരം കൺട്രോൾ റൂം പൊലീസ് സംഘത്തിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. സംഘർഷത്തിൽ പരിക്കേറ്റ കൺട്രോൾ റൂം സി.പി.ഒ രമേശൻ, എസ്.ഐ കൃഷ്ണൻ എന്നിവരെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ രണ്ട് പേരാണ് പൊലീസിന് നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ ഷിജിൽ പറമ്പിലെ കിണറ്റിൽ വീഴുകയും ചെയ്തു. ചേലക്കാട് നിന്ന് ഫയർ ഫോഴ്സ് സംഘമെത്തിയാണ് ഇയാളെ പുറത്തെടുത്തത്.
പൊലീസുകാർക്ക് നേരെ ആക്രമണം നടന്നതറിഞ്ഞ് നാദാപുരം സി.ഐ ഇ.വി. ഫായിസ് അലിയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ആക്രമണം നടത്തിയ ഇരുവരെയും പിടികൂടി പൊലീസ് വാഹനത്തിൽ കയറ്റുന്നതിനിടയിൽ പൊലീസ് ജീപ്പിന്റെ പിൻഭാഗത്തെ സൈഡ് ഗ്ലാസ് പ്രതികൾ ചവിട്ടി തകർത്തു. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്.
പൊലീസ് സ്റ്റേഷൻ ലോക്കപ്പിലും പ്രതികൾ അക്രമം കാണിച്ചു. ലോക്കപ്പിലെ പൈപ്പ് കണക്ഷൻ അടിച്ചുതകർത്തു. ഇതോടെ സ്റ്റേഷനകം മുഴുവൻ വെള്ളം കവിഞ്ഞൊഴുകി. പൊലീസുകാരെ മർദിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതുൾപ്പെടെയുള്ള ജാമ്യമില്ലാവകുപ്പുകൾ ചേർത്തുമാണ് കേസെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.