ചെട്ട്യാലക്കടവ് പാലം നിർമാണം പുരോഗമിക്കുന്നു; പ്രതീക്ഷയിൽ നാട്ടുകാർ
text_fieldsനാദാപുരം: ഉമ്മത്തൂർ, മുടവന്തേരി പ്രദേശത്തെ ചെട്ട്യാലക്കടവ് നിവാസികൾ പ്രതീക്ഷയുടെ കടവിൽ ആഹ്ലാദത്തിൽ. 10 വർഷം മുമ്പ് തുടങ്ങിയ പാലമെന്ന സ്വപ്നം പലതരം കുരുക്കുകളിൽ കുരുങ്ങി നിശ്ചലമായതോടെ എന്നെന്നേക്കുമായി സ്വപ്നം ഇവർ ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ, നീണ്ട കോടതി വ്യവഹാരങ്ങളും നിയമപ്രശ്നങ്ങളുമെല്ലാം മറികടന്ന് കഴിഞ്ഞ മാർച്ചിൽ പുനരാരംഭിച്ച പാലം നിർമാണം യാഥാർഥ്യത്തിലേക്ക് കടക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.
68 മീറ്റർ നീളം വരുന്ന പാലത്തിന്റെ 46 മീറ്റർ ഭാഗം രണ്ടു ഘട്ടങ്ങളിലായി ഇന്നലെ കോൺക്രീറ്റ് പൂർത്തിയാക്കി. 22 മീറ്ററിലധികം നീളംവരുന്ന മൂന്നാം ഘട്ടം കോൺക്രീറ്റും അത് ഉറപ്പിച്ചു നിർത്താനുള്ള അടിത്തൂണിന്റെ പണിയുമാണ് പ്രധാനമായും ബാക്കിയുള്ളത്.
അതുകൂടി പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും. 2014ൽ അനുമതി ലഭിച്ച പാലത്തിന് 2019 ലാണ് തറക്കല്ലിടുന്നത്. നാമമാത്ര പണികൾക്ക് ശേഷം കരാറുകാരൻ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടയിൽ എസ്റ്റിമേറ്റ് തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കുകയും ചെയ്തു. ഒടുവിൽ സർക്കാർ തലത്തിൽ ഇടപെട്ട് ആദ്യത്തെ കരാറുകാരനെ ഒഴിവാക്കി, മറ്റൊരു കരാറുകാരനെ ജോലി ഏൽപിച്ചതോടെയാണ് നിർമാണത്തിന് ഗതിവേഗം വന്നത്. ഏക്കർ കണക്കിന് സ്ഥലം നാട്ടുകാർ സൗജന്യമായി നൽകുകയായിരുന്നു. സെപ്റ്റംബറോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.