ചെട്യാലക്കടവ് പാലം നിർമാണം: പ്രതീക്ഷയോടെ നാട്ടുകാർ
text_fieldsനാദാപുരം: ഭൂമിയും സ്ഥലവും സൗജന്യമായി നൽകിയിട്ടും പാലം എന്ന സ്വപ്നം യാഥാർഥ്യമാകാതെ വന്നതോടെ നിരാശയിലായ ചെട്യാലക്കടവ് നിവാസികൾ വീണ്ടും പ്രതീക്ഷയിൽ. അഞ്ചുവർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച, ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് ഉറപ്പു നൽകിയാണ് തൂണേരി ചെക്യാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിന്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്. എന്നാൽ, അസ്തിവാരം നിർമാണം ആരംഭിച്ചതുമുതൽ പാലത്തിന്റെ ദുർഗതിയും ആരംഭിച്ചു. പല കാരണങ്ങൾ പറഞ്ഞ് കരാറുകാരൻ ജോലി വൈകിപ്പിച്ചതോടെ പാലം തന്നെ ഇല്ലാതാകുന്ന സ്ഥിതിയായി. പാതി പണിത രണ്ടുപില്ലറുകൾ മാത്രം പുഴയിൽ നിത്യകാഴ്ചയായി.
ഇതിനിടയിൽ കരാറുകാരനെതിരെ പ്രതിഷേധമുയർന്നതോടെ സർക്കാർ തലത്തിൽ നടപടിയെടുത്തു. സർക്കാർ ഇടപെട്ട് ഇയാളെ ഒഴിവാക്കുകയും പുതിയ ടെൻഡർ നടപടികളിലൂടെ പുതിയ കരാറുകാരനെ ജോലി ഏൽപിക്കുകയും ചെയ്യുകയായിരുന്നു. പുതിയ കരാറുകാരൻ നിർമാണ ജോലി ഏറ്റെടുത്തതോടെ നാട്ടുകാർ ഏറെ പ്രതീക്ഷയിലാണ്. നിർമാണ പ്രവർത്തനം വിലയിരുത്താൻ ജനപ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത പ്രദേശവാസികളുടെ സംഗമം കഴിഞ്ഞദിവസം ചേർന്നു. ഇ.കെ. വിജയൻ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഷാഹിന, നസീമ കൊട്ടാരം, വാർഡ് മെംബർമാർ, നിർമാണ കമ്മിറ്റി ഭാരവാഹികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.