തോൽവി: ചെക്യാട്ട് നേതാക്കളെ വെട്ടിനിരത്തി ലീഗ്
text_fieldsനാദാപുരം: ഔദ്യോഗിക സ്ഥാനാർഥികളുടെ തോൽവിയിൽ ശക്തമായ നടപടികളുമായി ലീഗ് രംഗത്ത്. ചെക്യാട് നാല് പ്രമുഖ നേതാക്കളെ അച്ചടക്കലംഘനത്തിന് ലീഗ് പുറത്താക്കി.
ചെക്യാട് ലീഗ് പഞ്ചായത്ത് ജോയൻറ് സെക്രട്ടറി ഒ.വി. നാസർ, പഞ്ചായത്ത് ലീഗ് കൗൺസിലർ ബി.പി. ഫിർദൗസ്, എ.ആർ.കെ അബൂബക്കർ, സി.സി. ജാതിയേരി എന്നിവർക്കെതിരെയാണ് ലീഗ് നടപടി എടുത്തത്. ചെക്യാട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ഔദ്യോഗിക സ്ഥാനാർഥി അഹമ്മദ് കുറുവയിലിനെ പരാജയപ്പെടുത്തുകയും ജനകീയ മുന്നണി എന്നപേരിൽ മത്സരിച്ച വിമതർക്ക് പിന്തുണ നൽകുകയും പാർട്ടി പതാകയടക്കം ദുരുപയോഗം ചെയ്തതിനുമാണ് നടപടി സ്വീകരിച്ചത്.
ചെക്യാട് രണ്ടു വിമതരാണ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ച് വിജയിച്ചത്. താനക്കോട്ടൂർ ഒന്നാം വാർഡിൽ മത്സരിച്ച വിമത സ്ഥാനാർഥി അബൂബക്കർ മാസ്റ്റർ വിജയിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജമീലയെ 274 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഒമ്പതാം വാർഡിൽ ലീഗ് ചെക്യാട് ജോയൻറ് സെക്രട്ടറി പി.കെ. ഖാലിദ് മാസ്റ്ററാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് നേതൃത്വത്തെ ഞെട്ടിച്ചത്. വിമത പ്രവർത്തനം നടത്തിയവർക്കെതിരെ നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് ലീഗ് കമ്മിറ്റി നൽകിയ ശിപാർശയുടെ ഭാഗമായാണ് മേൽക്കമ്മിറ്റി നടപടി സ്വീകരിച്ചത്. ഔദ്യോഗിക സ്ഥാനാർഥികളുടെ തോൽവിക്കു പിറകിൽ പ്രവർത്തിച്ച കൂടുതൽ പേർക്കെതിരെ വരുംദിവസങ്ങളിൽ നടപടിയുണ്ടാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.