ലൈസൻസില്ലാതെ പ്രവർത്തിച്ച ദന്താശുപത്രി പൂട്ടിച്ചു
text_fieldsനാദാപുരം: മൂന്നു വർഷത്തിലധികമായി ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്ന ദന്താശുപത്രി അടച്ചുപൂട്ടി. പുറമേരിയിലെ ഡെന്റൽ പേൾ മൾട്ടിസ്പെഷാലിറ്റി ക്ലിനിക്കെതിരെയാണ് നടപടി.
അടിസ്ഥാന സൗകര്യങ്ങളും ഗ്രാമപഞ്ചായത്തിന്റെ അനുമതിയുമില്ലാതെയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. ബയോമെഡിക്കൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്ലിനിക്കിന്റെ പ്രവർത്തനം നിർത്തിവെപ്പിച്ചത്.
ഏഴിലേറെ ഡോക്ടർമാരാണ് ഇവിടെ എത്തിയിരുന്നതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം. എല്ലാ രേഖകളും ബുധനാഴ്ച ഹാജരാക്കാൻ നിർദേശം നൽകിയതായും അധികൃതർ പറഞ്ഞു. പുറമേരി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ കെ. സന്ദീപ് കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
സ്ഥാപനത്തിന്റെ പ്രവർത്തനം തുടർന്നാൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ് നൽകിയതെന്ന് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ഇസ്മയിൽ പുളിയംവീട്ടിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.