ഗ്രാമപഞ്ചായത്തിന് സംഭാവന നൽകിയ സ്ഥലം ഡി.വൈ.എഫ്.ഐ ബസ് സ്റ്റോപ്പാക്കിയെന്ന് പരാതി
text_fieldsനാദാപുരം: എടച്ചേരി ഗ്രാമപഞ്ചായത്തിന് സ്വകാര്യവ്യക്തി സൗജന്യമായി നൽകിയ സ്ഥലത്ത് ഡി.വൈ.എഫ്.ഐ ബോർഡ് വെച്ച് ബസ് സ്റ്റോപ്പാക്കിയതായി പരാതി. പഞ്ചായത്തിലെ 11ാം വാർഡിൽ തലായി ടൗണിൽ മാലോൽ ആയിഷ എന്ന സ്ത്രീ പഞ്ചായത്തിന് ബസ് സ്റ്റോപ് പണിയാൻ സ്ഥലം സൗജന്യമായി നൽകിയിരുന്നു. സ്ഥലത്ത് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ബസ് വെയിറ്റിങ് ഷെഡ് നിർമിച്ചു.
മുട്ടങ്ങൽ - നാദാപുരം റോഡ് നവീകരണത്തിന്റെ ഭാഗമായി വെയ്റ്റിങ് ഷെഡ് പൊളിച്ചുമാറ്റി. റോഡ് നവീകരണം കഴിഞ്ഞതിനുശേഷം പുനർനിർമിച്ച വെയ്റ്റിങ് ഷെഡ് ഡി.വൈ.എഫ്.ഐയുടെ പേരിലാക്കി ഉദ്ഘാടനം നടത്തിയെന്നാണ് പരാതി ഉയർന്നത്. പുനർനിർമാണവേളയിൽ പഞ്ചായത്ത് പ്രസിഡന്റിന്റെയും വാർഡ് മെംബറുടെയും സാന്നിധ്യത്തിൽ തറക്കല്ലിടുകയും പൊതുജനങ്ങളിൽനിന്ന് ഫണ്ട് ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രസിഡന്റിനെയോ വാർഡ് മെംബറെയോ നാട്ടുകാരെയോ അറിയിക്കാതെ സി.പി.എം ജില്ല സെക്രട്ടറിയെ കൊണ്ട് ഉദ്ഘാടനം നടത്തുകയായിരുന്നു. ഇതിൽ നാട്ടുകാർക്കിടയിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുകയാണ്. ഡി.വൈ.എഫ്.ഐ നടപടിയിൽ പ്രതിഷേധിച്ച് എടച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഗ്രാമപഞ്ചായത്തിന്റെ സ്ഥലം യുവജന സംഘടന കൈയേറിയ വിഷയത്തിൽ അന്വേഷണം നടത്തി യുക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പി.കെ. സുബൈർ, ഷാഫി തറമ്മൽ, സമീർ കൊളക്കോട്ട്, അൻസാർ തയ്യുള്ളതിൽ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.